എല്ലാ ദിവസവും പലചരക്ക് കട സന്ദര്‍ശിക്കുന്ന പശു...
Tuesday, October 22, 2024 1:41 PM IST
പലപ്പോഴും ഒരു മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ളത് പോലെയാണ്. മൃഗങ്ങള്‍ ഒരു വ്യക്തിയില്‍ നിന്ന് സ്നേഹവും സുരക്ഷിതത്വവും അനുഭവിക്കുമ്പോള്‍ അവര്‍ക്കൊപ്പം താമസിച്ച് അവരോടൊപ്പം സമയം ചെലവഴിക്കും.
ആ മനുഷ്യനോടുള്ള സ്നേഹം അത് തീര്‍ച്ചയായും പ്രകടിപ്പിക്കും. നായകളും പൂച്ചകളും പശുക്കളും എന്തിനേറെ ആന വരെ ഈ ഗണത്തിലുണ്ട്.
ഇപ്പോഴിതാ ഒരു പലചരക്ക് കടയിലെ നിത്യസന്ദര്‍ശകയായ പശു ആളുകള്‍ക്ക് അദ്ഭുതമാകുന്നു. ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയിലെ പിതോറ ടൗണിലാണ് സംഭവം. മോണ്ടി സോണി എന്നൊരാള്‍ ഇവിടെ പലചരക്ക് കട നടത്തുന്നുണ്ട്.
ഇദ്ദേഹത്തിന്റെ കടയിലേക്ക് ഒരു പശു നിത്യവും എത്തും. ശേഷം മൂന്ന് മണിക്കൂര്‍ അവിടെ വിശ്രമിക്കും. ഏറ്റവും രസകരമായ കാര്യം പശു അദ്ദേഹം നല്കുന്ന ഭക്ഷണം മാത്രമാണ് കഴിക്കാറ്. പലചരക്ക് കട ആയതിനാല്‍ അതിന് ഇഷ്ടമുള്ള ധാരാളം ആഹാരസാധാനം അവിടെ ഉണ്ടല്ലൊ. പക്ഷെ അതൊന്നും പശു തൊടില്ലത്രെ. മാത്രമല്ല പശു ഇത്രയും നാളായി ഒരുവട്ടം പോലും കടയ്ക്കുള്ളില്‍ ചാണകമിടുകയൊ മുത്രമൊഴിക്കുകയൊ ചെയ്തിട്ടില്ലത്രെ.
ഏതെങ്കിലും കാരണത്താല്‍ കട അടഞ്ഞുകിടക്കുന്ന ദിവസങ്ങളില്‍, പശു കടയുടമയുടെ വീട്ടിലേക്ക് വരുമത്രെ. കഴിഞ്ഞ ആറ് മാസമായി ഈ പതിവ് തുടരുകയാണുപോലും. ഈ അപൂര്‍വ സന്ദര്‍ശനത്തില്‍ ആളുകള്‍ ആകെ വിസ്മയിക്കുന്നു. ചിലര്‍ ഇത് മോണ്ടിയുടെ പൂര്‍വികരാണെന്ന് പറയുന്നു. മറ്റു ചിലര്‍ ദുര്‍ഗാ മന്ദിര്‍ സമിതിക്ക് സമീപം സ്ഥിതിചെയ്യുന്ന കടയായതിനാല്‍ ദൈവാനുഗ്രഹമാണ് ഉണ്ടാകുന്നതെന്ന് പറയുന്നു.
എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ചൊന്നും മോണ്ടിയത്ര ചിന്തിക്കുന്നില്ല. തന്നെ കാണാന്‍ ദിനംപ്രതിയെത്തുന്ന പശുവിന് കിടക്കാന്‍ ഇടവും ഒരു വലിയ ടംബ്ലറില്‍ വെള്ളവും അയാള്‍ നല്കുന്നു. പിന്നെ ആവശ്യത്തിന് ആഹാരവും. പശു ആ സ്നേഹം തിരികെയും കാട്ടുന്നു....