സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച പാക്കിസ്ഥാന്; നോട്ടിലുള്ള ആള്...
Monday, October 21, 2024 3:42 PM IST
ഇന്ത്യന്‍ സ്വതന്ത്രസമരചരിത്രം ഓരോ ഭാരതീയനും അത്ര വിലമതിക്കുന്ന ഒന്നാണല്ലൊ. അനേകം മഹത്തുക്കളുടെ ശ്രമഫലമായി 1947ല്‍ നമ്മുടെ രാജ്യം ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചനം നേടി. എന്നാല്‍ അക്കാലത്ത് മറ്റൊന്നു കൂടി സംഭവിച്ചല്ലൊ. അതേ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാന് എന്ന രാജ്യം രൂപപ്പെട്ടു.
അന്നേരം ഇരു രാജ്യങ്ങളും തമ്മിലുള്ള ആസ്തി പങ്കിടലും ബാധ്യതകള്‍ കൈകാര്യം ചെയ്യലും ആവശ്യമായി വന്നു. കറന്‍സി മാനേജ്മെന്റായിരുന്നു അക്കാലത്ത് പാക്കിസ്ഥാന് നേരിട്ട പ്രധാനപ്രശ്നങ്ങളില്‍ ഒന്ന്. തത്ഫലമായി പാക്കിസ്ഥാനില്‍ തങ്ങളുടെ കറന്‍സി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചു.
വിഭജനത്തിനു ശേഷം പാക്കിസ്ഥാന് ഒരു വര്‍ഷത്തോളം ഇന്ത്യയില്‍ അച്ചടിച്ച കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്നത് തുടര്‍ന്നു. നോട്ടില്‍ ഇംഗ്ലീഷില്‍ "ഗവണ്മെന്റ് ഓഫ് പാക്കിസ്ഥാന്' എന്നും അവയില്‍ ഉറുദുവില്‍ "ഹക്കുമത്ത്-ഇ-പാക്കിസ്ഥാന്' എന്നും അധികമായി അച്ചടിച്ചിരുന്നു. സി.ഡി. ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), 1948 സെപ്റ്റംബര്‍ 30 വരെ ഇരു രാജ്യങ്ങളുടെയും സെന്‍ട്രല്‍ ബാങ്കായിരുന്നു.
ഈ കാലയളവില്‍, കറന്‍സിയുടെ അസ്ഥിരത ഒഴിവാക്കാന്‍ ഇന്ത്യന്‍ നോട്ടുകള്‍ പാക്കിസ്ഥാനില്‍ ഉപയോഗിക്കാനായി അമിതമായി അച്ചടിച്ചു. തുടര്‍ന്ന്, 1948 ജൂലൈ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന് രൂപീകരിക്കുകയും കറന്‍സി കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം അതിനെ ഏല്‍പ്പിക്കുകയും ചെയ്തു.
ഇപ്പോഴിതാ 1947-48 കാലഘട്ടത്തില്‍ പാക്കിസ്ഥാനില്‍ ഉപയോഗിച്ച ഒരു ഇന്ത്യന്‍ അഞ്ചു രൂപ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ നോട്ടിലുള്ള ചിത്രം ഇരു രാജ്യങ്ങളിലും ഉള്ള ആളുടേതല്ലായിരുന്നു.
അതേ അഞ്ചുരൂപാ നോട്ടില്‍ ജോര്‍ജ് ആറാമന്‍ രാജാവിന്റെ ചിത്രമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന നാളുകളില്‍ ഇത് പ്രചാരത്തിലുണ്ടായിരുന്നു. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായതിന് ശേഷം, പുതിയ ഛായാചിത്രങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് കുറച്ച് കാലത്തേക്ക് ജോര്‍ജ് ആറാമന്‍ രാജാവിന്റെ ഛായാചിത്രങ്ങളുള്ള നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു.
എന്തായാലും മൂന്നു രാജ്യങ്ങളെ വിചിത്രമായി ബന്ധിപ്പിക്കുന്ന ഈ അഞ്ച് രൂപ ചര്‍ച്ചയായി തുടരുകയാണ്...