ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ ക്രൂയിസ് കപ്പലുകള്‍
Monday, October 21, 2024 10:47 AM IST
ആഡംബര കപ്പലുകള്‍ എന്ന് കേള്‍ക്കുമ്പോഴെ നമ്മുടെ മനസില്‍ സുഖസൗകര്യങ്ങളുടെ ഒരു തീരാ കാഴ്ചയുദിക്കും. വിഭവ സമൃദ്ധമായ ആഹാരം നിറഞ്ഞ തീന്മേശ, മദ്യം, നിരവധി ആഡംബരങ്ങള്‍ അങ്ങനെയങ്ങനെ കണ്ണ് മഞ്ഞളിപ്പിക്കുന്ന കാഴ്ച.
എന്നാല്‍ മിന്നുന്നതെല്ലാം പൊന്നല്ല. അടുത്തിടെ ഇത്തരം ആഡംബരക്കപ്പലുകളുടെ വൃത്തിയെ കുറിച്ചൊരു റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. 114 കപ്പലുകളില്‍ നടത്തിയ പരിശോധനയില്‍ 2024-ലെ ഏറ്റവും വൃത്തികെട്ട 10 ക്രൂയിസ് കപ്പലുകളെ കണ്ടെത്തുകയുണ്ടായി.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ദേശീയ പൊതുജനാരോഗ്യ ഏജന്‍സിയായ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് 114 കപ്പലുകളില്‍ പഠനം നടത്തിയത്. ഉദരസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സിഡിസി ഇത്തരത്തില്‍ കപ്പലുകളില്‍ പരിശോധന നടത്താറുണ്ട്.
യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും സംരക്ഷിക്കുന്നതിനും അവധിക്കാലത്ത് അസുഖകരമായ ആഘാതങ്ങള്‍ ഒഴിവാക്കുന്നതിനും, ഈ പരിശോധനകള്‍ നിര്‍ണായകമാണ്. അതായത് ക്രൂയിസ് കപ്പലുകളില്‍ ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ (ജിഐ) രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഈ ഏജന്‍സി ക്രൂയിസ് കപ്പല്‍ വ്യവസായത്തെ സഹായിക്കുന്നു.
സിഡിസിയുടെ റിപ്പോര്‍ട്ട് പ്രകാരം 10 കപ്പലുകള്‍ക്ക് 89-ല്‍ താഴെയാണ് സ്കോറുകള്‍. 85ല്‍ താഴെ സ്കോര്‍ ലഭിച്ചവയെ "തൃപ്തികരമല്ല' എന്ന് സംഘടന കണക്കാക്കുന്നു. ഹപാഗ്-ലോയിഡിന്റെ ഹാന്‍സിയാറ്റിക് ഇന്സ്പിരേഷന് ആണ് ഏറ്റവും വൃത്തിഹീനമായ കപ്പലായി അവര്‍ കണ്ടെത്തിയത്. 62 സ്കോര്‍ മാത്രമാണവര്‍ക്കുള്ളത്. ചെളി, പുഴു, വൃത്തിഹീനമായ അവസ്ഥ എന്നിവയൊക്കെ ഈ കപ്പലിലൊക്കെ കണ്ടെത്തിയത്രെ.
അതേസമയം, പ്രിന്‍സസ് ക്രൂയിസിന്റെ കരീബിയന്‍ പ്രിന്‍സസ്, കാര്‍ണിവലിന്റെ കാര്‍ണിവല്‍ ബ്രീസ്, റിറ്റ്സ്-കാള്‍ട്ടണ്‍ യാച്ച് കളക്ഷന്റെ എവ്രിമ എന്നിവര്‍ 86 റണ്‍സ് നേടി. ഡെയ്ലി മെയില്‍ പറയുന്നതനുസരിച്ച്, കരീബിയന്‍ പ്രിന്‍സസ് എന്ന കപ്പലിലെ അടുക്കളകളില്‍ ഈച്ചകളെയും പ്രാണികളെയും കണ്ടെത്തി. കാര്‍ണിവല്‍ ബ്രീസിലെ ക്രൂ ബാത്ത്റൂം ചപ്പുചവറുകള്‍ കൊണ്ട് നിറഞ്ഞിരുന്നത്രെ...