ബംഗളൂരുവിൽ വരുന്നൂ പറക്കും ടാക്സി!
Saturday, October 19, 2024 12:21 PM IST
ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടുമുതല്‍ മൂന്നുവരെ വര്‍ഷമെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.