കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന പൂച്ച
Friday, October 18, 2024 12:56 PM IST
നമുക്ക് പരിചിതമായ ആവാസവ്യവസ്ഥിതിയില്‍ നിന്നും മാറ്റപ്പെട്ടാല്‍ ഉണ്ടാകുന്നത് വല്ലാത്ത അസ്വസ്ഥത ആയിരിക്കുമല്ലൊ. പല കാരണങ്ങളാലാകാം അത്തരത്തില്‍ മാറേണ്ടി വരുന്നത്. മനനം ചെയ്യുന്നവര്‍ ഒരു പരിധിവരെ ഇതുമായി പൊരുത്തപ്പെടും. എന്നിരുന്നാലും നോവ് അവശേഷിക്കുക തന്നെ ചെയ്യാം.
എന്നാല്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ഒരു പൂച്ചയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലണ്ടനിലാണ് സംഭവം.
വാള്‍താംസ്റ്റോ ആംബുലന്‍സ് സ്റ്റേഷനില്‍ 16 വര്‍ഷമായി ജീവിക്കുന്ന ഒരു പൂച്ചയാണ് ഡെഫിബ്. അവിടുത്തെ ജീവനക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു അവന്. അവര്‍ ജോലി സമ്മര്‍ദം കുറയ്ക്കാന്‍ ഈ പൂച്ചയുമായി സമയം ചിലവഴിച്ചിരുന്നു.
എന്നാല്‍ സ്റ്റേഷന് മാനേജ്മെന്റില്‍ അടുത്തിടെ വലിയ മാറ്റങ്ങളുണ്ടായി. പഴയ ജീവനക്കാര്‍ പലരും മാറി. ഇതോടെ അവര്‍ പൂച്ചയെ പുറത്താക്കാന്‍ പദ്ധതിയിട്ടു. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് ഇതിനെ ന്യായീകരിക്കുന്നത് പല തരത്തിലാണ്. വാഹനങ്ങളുടെ എണ്ണം കൂടിയതിനാല്‍ പൂച്ച അപകടത്തില്‍പ്പെട്ടേക്കാം എന്നതാണ് ഇതിലൊന്ന്. മാത്രമല്ല പുതിയ ജീവനക്കാരില്‍ പലര്‍ക്കും അലര്ജിയുണ്ടത്രെ.
എന്നാല്‍ നാട്ടുകാര്ക്കിതത്ര ദഹിച്ചിട്ടില്ല. 16 വര്‍ഷമായി അവിടെത്തുടരുന്ന പൂച്ചയെ ഇറക്കിവിടാന്‍ പാടില്ലെന്നവര് തര്‍ക്കിക്കുന്നു. 62,000-ത്തിലധികം ആളുകള്‍ ഡെഫിബിനെ സ്റ്റേഷനില്‍ തുടരാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഒരു നിവേദനത്തില്‍ ഒപ്പുവച്ചു.
പ്രായമായ പൂച്ചയെ പുനരധിവസിപ്പിക്കുന്നത് "അനാവശ്യമായ ക്രൂരത' ആണെന്നവര്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക എംപിയായ സ്റ്റെല്ല ക്രീസിയും ഡെഫിബിന് പിന്തുണയുമായി എത്തി. പൂച്ചയ്ക്ക് വേണ്ടി ഇടപെടാന്‍ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനോട് അവര്‍ ആവശ്യപ്പെട്ടു.
ഇത് കുടിയിറക്കമല്ല ഡെഫിബിന്റെ റിട്ടയര്‍മെന്റ് പ്ലാനാണെന്നാണ് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് പ്രതിനിധി ന്യായീകരിക്കുന്നത്. മികച്ച ഒരു താമസ ഇടം പൂച്ചയ്ക്ക് ലഭ്യമാക്കുമെന്നും അവര്‍ പറയുന്നു. എത്ര വലിയ കൊട്ടാരമായാലും ഇവിടം പോലെ ആകില്ലെന്നാണ് ഡെഫിബ് ഫാന്‍സ് പറയുന്നത്.
തര്‍ക്കം തുടരുകയാണ്. ഇതൊന്നുമറിയാതെ പാവം പൂച്ച അതുവഴി നടപ്പുണ്ട്...