പല ഭാഗങ്ങളും ഹരിതാഭം; അന്റാർട്ടിക്കയുടെ വെളുപ്പ് മാറുന്നു
Monday, October 14, 2024 12:36 PM IST
ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. 98 ശതമാനവും മഞ്ഞു മൂടിക്കിടക്കുന്ന ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിലാണു സ്ഥിതിചെയ്യുന്നത്. ഈ വൻകരയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കിലോമീറ്റർ ആണ്.
എവിടെ നോക്കിയാലും മഞ്ഞിന്റെ തൂവെള്ള നിറം. എന്നാൽ, പുതിയ പഠനങ്ങൾ പറയുന്നത് അന്റാർട്ടിക്കയുടെ പല ഭാഗങ്ങളും ഹരിതാഭമായി മാറിക്കഴിഞ്ഞുവെന്നാണ്. കാലാവസ്ഥ വ്യതിയാനമാണു കാരണം.
സസ്യജാലങ്ങളുടെ അളവ് വിശകലനം ചെയ്തു നടത്തിയ പഠനത്തിൽ മുൻ കാലങ്ങളിലേക്കാൾ വലിയതോതിൽ സസ്യജാലങ്ങളുടെ എണ്ണം അന്റാർട്ടിക്കയിൽ വർധിച്ചതായി ഗവേഷകർ പറയുന്നു. കഴിഞ്ഞ 40 വർഷത്തിനിടയിൽ പച്ചപ്പ് പത്തു മടങ്ങായിട്ടാണു വർധിച്ചത്. പായൽ വിഭാഗത്തിൽപ്പെട്ട സസ്യങ്ങളാണ് ഇവിടെ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.
1986ൽ 0.4 ചതുരശ്ര മൈൽ മാത്രമുണ്ടായിരുന്ന സസ്യജാലങ്ങൾ 2021ൽ ഏതാണ്ട് അഞ്ച് ചതുരശ്ര മൈലിലെത്തിയതായി പഠനം കണ്ടെത്തി. 2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷത്തിൽ സസ്യജാലങ്ങളുടെ വളർച്ചാനിരക്കിൽ 30 ശതമാനത്തിലധികമാണു വർധന. അന്റാർട്ടിക്കൻ ഭൂപ്രകൃതിയിൽ വന്ന ഈ മാറ്റങ്ങൾ ബഹിരാകാശത്തുനിന്നുപോലും ദൃശ്യമാണെന്നും ഗവേഷകർ പറയുന്നു.
ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷയർ സർവകലാശാലയിലെ ഗവേഷകരാണ് സാറ്റലൈറ്റ് ഇമേജറിയും ഭൂഖണ്ഡത്തില്നിന്നുള്ള ഡാറ്റയും ഉപയോഗിച്ചുള്ള പഠനത്തിനു നേതൃത്വം നൽകിയത്.