"ഇനി കുറച്ചുദിവസം വിശ്രമിച്ചോളൂ'; ഈ ഇന്ത്യന്‍ കമ്പനി മാതൃകയെന്ന് സൈബറിടം
Friday, October 11, 2024 2:14 PM IST
ജോലിക്കാര്‍ കണ്ണിലെണ്ണ ഒഴിച്ചിരിക്കുന്ന ഒന്നാണല്ലൊ അവധിദിനം എന്നത്. സാധാരണയായി ആഴ്ചയില്‍ ഒരു അവധിദിനം എല്ലാവര്ക്കും ലഭിക്കുമല്ലൊ. എന്നിരുന്നാലും സ്ഥിരമായി ഒരേ ജോലി ചെയ്യുന്നവര്‍ ഒരു ഇടവേള ആഗ്രഹിക്കാറുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആളുകള്‍ക്ക് അല്പംകൂടി എളുപ്പത്തില്‍ അവധി ലഭിക്കും. എന്നാല്‍ സ്വകാര്യമേഖലയില്‍ അങ്ങനെയല്ല. പ്രത്യേകിച്ച് ഐടി പോലുള്ള ഇടങ്ങളിലും മറ്റും. പലരും ജോലി സമ്മര്‍ദം കാരണം വല്ലാതെ കുഴങ്ങാറുണ്ട്. അടുത്തിടെ ഒരു മലയാളി യുവതി ഇക്കാരണത്താല്‍ മരണപ്പെട്ടത് വലിയ വിവാദമായിരുന്നു.
എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു സ്വകാര്യ കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. തങ്ങളുടെ ജീവനക്കാര്‍ക്ക് നീണ്ട അവധി നല്‍കിയാണ് അവര്‍ ഞെട്ടിച്ചത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ആണ് ഈ കമ്പനി.
അവര്‍ 2024-ലെ വിജയകരമായ വില്‍പ്പനയ്ക്ക് ശേഷം ജീവനക്കാര്‍ക്ക് ഒമ്പതുദിവസത്തെ "റീസെറ്റ് ആന്‍ഡ് റീചാര്‍ജ്' ബ്രേക്ക് പ്രഖ്യാപിച്ചു. ഈ മാസം 26 മുതല്‍ നവംബര്‍ മൂന്നുവരെയാണ് അവധി നല്‍കിയത്. ഈ കാലയളവില്‍ ജീവനക്കാര്‍ വര്‍ക്ക് കോളുകള്‍, സന്ദേശങ്ങള്‍, മീറ്റിംഗുകള്‍ എന്നിവയില്‍ നിന്ന് മുക്തമായിരിക്കും.
ഈ സംരംഭം സോഷ്യല്‍ മീഡിയയില്‍ തൊഴില്‍ സംസ്കാരത്തെ കുറിച്ചുള്ള പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ജീവനക്കാരുടെ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുന്‍ഗണന നല്‍കിയതിന് നിരവധി ഉപയോക്താക്കള്‍ മീഷോയെ പ്രശംസിച്ചു.
"മികച്ച തീരുമാനം. അടുത്ത ഭീമാകാരമായ കുതിച്ചുചാട്ടത്തിന് ചിലപ്പോള്‍ ഒരുപടി പിന്നോട്ട് പോകേണ്ടത് പ്രധാനമാണ്' എന്നാണൊരാള്‍ കുറിച്ചത്. "മീശോ ഒരു പച്ചക്കൊടി മാത്രമല്ല, മുഴുവന്‍ ഹരിതവനവുമാണിപ്പോള്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. "അവിശ്വസനീയം, മീശോ. നിങ്ങള്‍ ഒരു മാതൃക വെച്ചു' എന്നാണ് മൂന്നാമതൊരാള്‍ കുറിച്ചത്.