ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം; 65കാരിക്ക് നഷ്ടമായത് 1.30 കോടി
Thursday, October 10, 2024 12:33 PM IST
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് മുംബൈ സ്വദേശിനിയായ 65കാരിയിൽനിന്നു തട്ടിയത് 1.30 കോടി രൂപ. 2023 ഏപ്രില്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവിലാണു യുവാവ് വൻ തുക തട്ടിയെടുത്തത്.
ഫിലിപ്പീന്‍സില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ സിവില്‍ എന്‍ജിനീയര്‍ എന്ന പേരിലാണ് യുവാവ് ഇവരെ പരിചയപ്പെടുന്നത്. യുവാവിന്റെ കഥകളും കഷ്ടപ്പാടുകളും കേട്ട്, അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചതാണു പണം നഷ്ടപ്പെടാന്‍ കാരണമായത്.
പണി നടക്കുന്ന സൈറ്റില്‍ തനിക്ക് അപകടം പറ്റിയെന്നും തന്നെ തിരിച്ച് അമേരിക്കയിലേക്ക് അയയ്ക്കാതിരിക്കാനായി പണം വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. യുവാവ് പറഞ്ഞതു വിശ്വസിച്ച സ്ത്രീ ബന്ധുക്കളില്നിന്നുള്പ്പെടെ കടം വാങ്ങി 70 ലക്ഷം രൂപ ബിറ്റ്കോയിന് വഴി അയച്ചുകൊടുത്തു.
പിന്നീട് 20 ലക്ഷം യുഎസ് ഡോളര്‍ അടങ്ങുന്ന പാഴ്സല്‍ സ്ത്രീയുടെ പേരില്‍ അയച്ചെന്നു യുവാവ് അറിയിച്ചു. ഇതിനു തുടർച്ചയായി പാഴ്സല്‍ ഡൽഹി എയർപോർട്ടിൽ കസ്റ്റംസ് പിടിച്ചുവച്ചിരിക്കുകയാണെന്ന വ്യാജേന സ്ത്രീക്കു ഫോണും വന്നു. പാഴ്സല്‍ തിരികെ ലഭിക്കണമെങ്കില്‍ വലിയൊരു തുക നികുതി അടയ്ക്കണമെന്നും പറഞ്ഞു. അവർ ആവശ്യപ്പെട്ട തുക പലതവണകളായി നല്കി.
ബാങ്ക് ഓഫ് അമേരിക്കയില്‍ നിന്നെന്ന വ്യാജേനയായിരുന്നു അടുത്ത കോള്‍. 17 കോടി രൂപയോളം മൂല്യമുള്ള ഡോളര്‍ ഇന്ത്യന്‍ കറന്‍സിയായി മാറ്റാന്‍ ആവശ്യമായ ബാങ്ക് ചാർജ് ബാങ്കില്‍ നിക്ഷേപിക്കണമെന്നായിരുന്നു ആവശ്യം. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്നെന്ന വ്യാജേനയും കോൾ വന്നു.
ഇത്തരം കോളുകള്‍ നിരന്തരം വരാന്‍ തുടങ്ങിയതോടെ തട്ടിപ്പിനിരയായെന്നു മനസിലാക്കിയ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയിൽ അന്വേഷണം നടന്നു വരുന്നു.