തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ നെട്ടോട്ടമോടുന്ന "പരേതരുടെ' കഥ
Tuesday, October 1, 2024 3:19 PM IST
മരണം പ്രിയപ്പെട്ടവര്‍ക്ക് സംഭവിക്കാതിരിക്കട്ടെ എന്നാണ് എല്ലാവരും കരുതുക അത്രമേല്‍ ദുഃഖകരമാണ് പലപ്പോഴും അത്. എന്നാല്‍ വൈകാരിക തലങ്ങള്‍ക്കപ്പുറത്ത് മരണത്തിന് ഔദ്യോഗികമായി ചില ഇടപാടുകളുണ്ട്. മരിച്ചയാളുടെ വേണ്ടപ്പെട്ടവര്‍ക്ക് പ്രത്യേകിച്ച് ആനുകൂല്യങ്ങളൊക്കെ ലഭിക്കാന്‍ മരണ സര്‍ട്ടിഫിക്കറ്റൊക്കെ ആവശ്യമാണ്.
എന്നാല്‍ രാജസ്ഥാനില്‍ നിന്നുള്ള ഒരാളുടെ "മരണ കഥ' ഞെട്ടിക്കുന്നതും ദേഷ്യമുളവാക്കുന്നതുമാണ്. ശങ്കര്‍ സിംഗ് റാവത്ത് എന്നായാളാണ് ഈ വ്യക്തി. തന്റെ 37-ാം വയസില്‍ ശങ്കര്‍ താനും മക്കളും മരിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള ഓട്ടത്തിലാണ്.
പാലി ജില്ലയിലെ മാര്‍വാര്‍ ജംഗ്ഷന് തെഹ്സിലിലെ സരണ്‍ ഗ്രാമവാസിയായ ശങ്കര്‍ 2022-ല്‍ കര്‍ഷകര്‍ക്കുള്ള ക്ഷേമ പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധിക്ക് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ ക്യാമ്പില്‍ പോയപ്പോഴാണ് തന്റെ "മരണ'ത്തെക്കുറിച്ച് അറിയുന്നത്. പരിശോധിച്ചപ്പോള്‍ സര്‍ക്കാര്‍ രേഖകളില്‍ തന്റെ മകനും മകളും മരിച്ചതായി അദ്ദേഹം അറിഞ്ഞു.
2010ല്‍ ആണ് ശങ്കര്‍ സിംഗ് റാവത്ത് വിവാഹിതനായത്. മൂന്നു കുട്ടികളും ഭാര്യയും അമ്മയുമായി അദ്ദേഹം ഗ്രാമത്തില്‍ താമസിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഒരു മാര്‍ബിള്‍ ഫാക്ടറിയില്‍ ജോലി ചെയ്തു, അതിനായി അബു റോഡിലേക്ക് മാറി.
എന്നാല്‍ ഇ സമയം ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചു. മാത്രമല്ല അവര്‍ മക്കളില്‍ ഇളയ ആളെ കൊണ്ടുപോവുകയും ചെയ്തും. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജന്‍ ആധാര്‍ കാര്‍ഡില്‍ താന്‍ മരിച്ചതായി രേഖപ്പെടുത്താന്‍ ഭാര്യ ഇ-മിത്ര ഓപ്പറേറ്ററുമായി ഗൂഢാലോചന നടത്തിയെന്ന് ശങ്കര്‍ ആരോപിക്കുന്നു. ചുരുക്കത്തില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ രണ്ട് കുട്ടികളും ഇപ്പോഴും സര്‍ക്കാര്‍ രേഖകളില്‍ "മരിച്ചിരിക്കുന്നു'.
ഈ വിവരമറിഞ്ഞ അന്നുമുതല്‍ അദ്ദേഹം താനും മക്കളും മരിച്ചിട്ടില്ല എന്ന കാര്യം തെളിയിക്കാനുള്ള ഓട്ടത്തിലാണ്. കളക്ടറുടെയും എസ്ഡിഎമ്മിന്റെയും ഓഫീസുകളെ സമീപിച്ചെങ്കിലും ഇതുവരെ ഇദ്ദേഹത്തെ "ജീവനുള്ളതായി' അംഗീകരിച്ചിട്ടില്ല. "പാവം പരേതന്. നീതി നല്‍കുക' എന്നാണ് നെറ്റിസണ്‍സ് പറയുന്നത്...