സഹാറ മരുഭൂമിയിൽപച്ചപ്പിന്റെ നാന്പുകൾ..!
Saturday, September 28, 2024 2:11 PM IST
ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലങ്ങളിലൊന്നാണ് സഹാറ മരുഭൂമി. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തരഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തിൽ 90,00,000 ചതുരശ്ര കിലോമീറ്ററുകളിലായി സഹാറ എന്ന ഉഷ്ണമരുഭൂമി വ്യാപിച്ചുകിടക്കുന്നു.
ഈ മരുഭൂമിയിൽ പച്ചപ്പിന്റെ നാന്പുകൾ മുളയ്ക്കുന്നതായി കണ്ടെത്തിയിരിക്കുകയാണു ഗവേഷകർ. നാസയുടെ ഉപഗ്രഹം ഇതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയുംചെയ്തു.
കഴിഞ്ഞ സെപ്റ്റംബർ ഏഴിനും എട്ടിനും വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ കനത്ത അളവിൽ മഴ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് പച്ചപ്പിന്റെ അടയാളങ്ങൾ കാണാൻ തുടങ്ങിയത്. മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലെ അപൂർവമായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഇപ്പോൾ പച്ചപ്പിന്റെ അടയാളങ്ങൾ കാണിക്കുന്നതായി ഗവേഷകർ പറയുന്നു.
ഗണ്യമായി മഴ കിട്ടിയാൽ ചെടികൾ വളർന്ന് ഇവിടം സമൃദ്ധമായ ഭൂപ്രകൃതിയായി മാറുമെന്നും ഗവേഷകർ ആഹ്ളാദത്തോടെ ചൂണ്ടിക്കാട്ടുന്നു. ചരിത്രപരമായി, ബിസി 11,000നും 5,000ത്തിനും ഇടയിൽ സഹാറ സസ്യജാലങ്ങളും തടാകങ്ങളും നിറഞ്ഞ ഭൂപ്രദേശമായിരുന്നുവെന്നാണു ഗവേഷകലോകത്തിന്റെ വിലയിരുത്തൽ.