തെറ്റുധരിക്കരുത്; ഈ ഗ്രഹത്തിലെ "അന്യജീവി'യാണെ....
Friday, September 27, 2024 12:26 PM IST
നമ്മുടെ പ്രകൃതിയില്‍ എന്തുമാത്രം വേറിട്ട ജീവജാലങ്ങളുണ്ട്. അവയില്‍ പലതിനെയും ഒരായുസില്‍ നാം കാണുന്നില്ല എന്നതാണ് വാസ്തവം. അപൂര്‍വമായി കാണുന്ന ജീവികള്‍ നമ്മളില്‍ കൗതുകമൊ ഭയമൊ ഒക്കെ ജനിപ്പിക്കുകയും ചെയ്യും.
അടുത്തിടെ അമേരിക്കയില്‍ അത്തരമൊരു സംഭവം ഉണ്ടായി. ഒറിഗോണ്‍ ബീച്ചില്‍ എത്തിയവരാണ് ഒരു വിചിത്ര ജീവിയെ കണ്ടത്. സാധാരണ, ബീച്ചില്‍ മാലിന്യങ്ങള്‍, ഷെല്ലുകള്‍, വിചിത്രമായ ഡിസൈനുകളുള്ള കല്ലുകള്‍, ഞണ്ടുകള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും ജീവികള്‍ എന്നിവയെ ഒക്കെ ആകാമല്ലൊ കാണുക.
എന്നാല്‍ അവര്‍ കണ്ട ജീവി ഒരു പാറ പോലെയായിരുന്നു. ആളുകള്‍ ഇതിനെ അന്യഗ്രഹ ജീവി എന്ന് തെറ്റുധരിച്ചു. വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. എന്നാല്‍ പിന്നീട് വാസ്തവം വെളിവായി. ഇത് മോള മോള എന്നറിപ്പെടുന്ന ഒരു സമുദ്ര സൂര്യ മത്സ്യമായിരുന്നു.
ഈ ജീവികള്‍ ജെല്ലിഫിഷ് കഴിക്കുന്നവയാണ്. ഇതിന്റെ ചര്‍മ്മത്തിന് കീഴില്‍ ജെല്ലി പോലുള്ള ഒരു പദാര്‍ഥം ഉണ്ട്. ഇത് വെള്ളത്തില്‍ നീന്താന്‍ ഇവയെ സഹായിക്കുന്നു. മോള മോളയെ പലരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അരുചി തന്നെ. എന്നിരുന്നാലും, തായ്വാന്, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍ ഇവ കഴിക്കുന്നു.
6.9 അടി വരെ ഉയരമുള്ള ഈ മത്സ്യത്തിന് 10 അടി വരെ നീളമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അവയുടെ ഭാരം രണ്ടായിരം കിലോ വരെയാകാം. മോള മോള ലോകത്തിലെ ഏറ്റവും വലിയ അസ്ഥി മത്സ്യങ്ങളില്‍ ഒന്നാണ്. 10 വര്‍ഷം വരെയാണ് ആയുസ്.
എന്തായാലും താനും ഈ ഭൂമിയുടെ അവകാശിയാണെന്ന് തെളിയിക്കാന്‍ ഒടുവില്‍ നമ്മുടെ മോള മോളയ്ക്കായിട്ടുണ്ട്...