ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ കുരങ്ങന്മാർ ആക്രമിച്ചോടിച്ചു
Thursday, September 26, 2024 2:09 PM IST
ആറു വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഒരുകൂട്ടം കുരങ്ങന്മാർ ചേർന്ന് തുരത്തി. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് അസാധാരണ സംഭവം. യുകെജിയിൽ പഠിക്കുന്ന പെൺകുട്ടിയെ ഉപദ്രവിക്കാനായിരുന്നു പ്രതിയുടെ ശ്രമം.
ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ശ്രമിക്കവേ കുട്ടി കരഞ്ഞു ബഹളമുണ്ടാക്കി. ശബ്ദം കേട്ട് ഒരുകൂട്ടം കുരങ്ങന്മാർ അങ്ങോട്ടെത്തുകയും ഇയാളെ ആക്രമിക്കുകയുമായിരുന്നു. അതോടെ അയാൾ കുട്ടിയെ ഉപേക്ഷിച്ചു സ്ഥലം വിട്ടു.
ഭയന്നുപോയ കുട്ടി വീട്ടിലെത്തി നടന്ന സംഭവം പറയുകയായിരുന്നു. മാതാപിതാക്കൾ അറിയിച്ചതിനെത്തുടർന്നു പോക്സോ ആക്ട് പ്രകാരം കേസെടുത്ത പോലീസ്, പ്രതിക്കായി അന്വേഷണം നടത്തുകയാണെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുരങ്ങന്മാർ ഇടപെട്ടില്ലായിരുന്നുവെങ്കിൽ എന്റെ മകൾ മരിച്ചേനെ എന്നാണ് സംഭവത്തെക്കുറിച്ച് കുട്ടിയുടെ അച്ഛൻ പറഞ്ഞത്.
കുരങ്ങന്മാരുടെ ഇടപെടൽ കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്നു മനസിലാക്കാൻ ആയെന്നു പോലീസും പറഞ്ഞു. മനുഷ്യരേക്കാൾ മനുഷ്യത്വമുണ്ട് കുരങ്ങന്മാർക്ക് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഈ വാർത്തയ്ക്കു ചുവടെ വന്ന കമന്റ്.