എസ്യുവിയുമായി എട്ടുവയസുകാരി ഷോപ്പിംഗിന്; പിന്നീട് സംഭവിച്ചത്...
Tuesday, September 24, 2024 12:28 PM IST
നമ്മളൊക്കെ ചെറുപ്പത്തില്‍ ഒരു വള്ളിച്ചരട് വണ്ടിയാക്കി കൂട്ടുകാരെ യാത്രക്കാരാക്കി നാട്ടിലെ മണ്വഴികളിലൂടെയും വീട്ടുമുറ്റത്തുടെയും പായുകയാണല്ലൊ ചെയ്തിരുന്നത്. എന്നാല്‍ കാലം മാറി. സെഡ് ജെന്‍ കാലത്ത് എന്തും സംഭവിക്കാം.
വാഹനമോടിക്കാന്‍ പ്രായം നിശ്ചയിട്ടുണ്ടെങ്കിലും പല കുട്ടികളും വാഹനവുമായി ഇറങ്ങാറുണ്ട്. പലരും അപകടത്തില്‍പ്പെട്ട കാര്യങ്ങള്‍ വാര്‍ത്തയാകാറുമുണ്ട്.
അടുത്തിടെ അമേരിക്കയിലെ ഒഹായോയില്‍ ഒരു എട്ടുവയസുകാരി സാഹസികത കാട്ടുകയുണ്ടായി. അമ്മയുടെ എസ്യുവിയുമായി കുട്ടി ഒരു യാത്രയങ്ങ് തിരിച്ചു. ബെയിന്ബ്രിഡ്ജിലെ ടാര്ഗെറ്റിലേക്കായിരുന്നു കുട്ടിയുടെ യാത്ര. തിരക്കേറിയ റോഡുകളിലൂടെ 20 മിനിറ്റിലധികം കുട്ടി വാഹനമോടിച്ചു.
എതിര്‍ദിശയില്‍ വന്നവര്‍ ഡ്രൈവറില്ലാതെ കാര്‍ ഓടുന്നതായി സംശയിച്ചു. പിന്നീടാണ് അത് ഒരു കുട്ടിയാണ് ഓടിക്കുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞത്. ജസ്റ്റിന് കിമേരി എന്നയാള്‍ 911ല്‍ വിളിച്ച് വിവരം പോലീസിനെ അറിയിച്ചു. ഇതിനിടെ മകളെ കാണ്മാനില്ലെന്ന് മാതാപിതാക്കളും പോലീസില്‍ പരാതിപ്പെട്ടിരുന്നു.
ഏതായാലും പിന്നീട് കുട്ടിയെ സുരക്ഷിതയായി കണ്ടെത്തി. 16 കിലോമീറ്ററാണ് കുട്ടി ഇത്തരത്തില്‍ വാഹനമോടിച്ചതത്രെ. ആകെ ഒരു മെയില്ബോക്സില് മാത്രമാണ് കാറിടിച്ചത്. പോലീസ് പിന്നീട് കുട്ടിയെ വീട്ടുകാര്‍ക്ക് കൈമാറി. കുട്ടിയായതുകൊണ്ട് കേസൊന്നും എടുത്തില്ല. എന്തായാലും കുട്ടി സുരക്ഷിതയായതില് നെറ്റിസണ്‍സും ഹാപ്പി.