ഭർത്താവ് കുളിക്കില്ല! വിവാഹമോചനം തേടി യുവതി
Wednesday, September 18, 2024 12:27 PM IST
ഭർത്താവ് മാസത്തിൽ രണ്ടുതവണ മാത്രമാണു കുളിക്കുന്നതെന്നും നാറ്റം സഹിക്കാൻ വയ്യാത്തതിനാൽ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് യുവതി കോടതിയിൽ. ഉത്തർപ്രദേശിലാണു സംഭവം.
രാജേഷ് എന്നാണു ഭർത്താവിന്റെ പേര്. ഗംഗാജലം ഉപയോഗിച്ച് ദേഹം ശുദ്ധീകരിക്കുന്നുണ്ടെന്നും അതിനാൽ കുളിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നുമാണ് ഇയാളുടെ വാദം. ഭർത്താവിന്റെ വൃത്തിയില്ലായ്മ കാരണം വിവാഹം കഴിഞ്ഞ് നാൽപതാം ദിവസം യുവതി തന്റെ വീട്ടിലേക്കു മടങ്ങിയിരുന്നു.
തുടർന്നാണു വിവാഹമോചനത്തിനു നോട്ടീസ് നൽകിയത്. ഭർത്താവിന് അസഹനീയമായ ദുർഗന്ധമാണെന്നതിനു പുറമേ സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിച്ചതായും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു
ഇരുവരെയും കൗൺസിലിംഗിന് വിളിപ്പിച്ചപ്പോൾ ഇനി ദിവസവും കുളിച്ചോളാം എന്ന് യുവാവ് ഭാര്യക്ക് വാക്ക് കൊടുത്തെങ്കിലും കൂടെ പോകാൻ യുവതി തയാറായില്ല. പിരിയാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണു യുവതി. ഇരുവരെയും 22ന് വീണ്ടും കൗൺസിലിംഗിന് വിളിപ്പിച്ചതായി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പറയുന്നു.