24 വര്‍ഷത്തിനുശേഷം പുകവലി ശീലം ഉപേക്ഷിക്കുമ്പോള്‍...
Saturday, September 14, 2024 12:40 PM IST
മനുഷ്യരുടെ ദുശീലങ്ങളില്‍ ഏറ്റവും മുന്നിലുള്ള ഒന്നാണ് പുകവലി. വലിച്ചുനോക്കുന്ന ഒരാള്‍ക്കും എന്തിനാണ് ഇത്തരത്തില്‍ സിഗരറ്റിനെ കത്തിച്ച് സ്വയം എരിഞ്ഞടങ്ങുന്നതെന്നറിയില്ല. ചിലര്‍ പുകച്ചുരുളുകള്‍ വട്ടത്തില്‍ കറക്കാന്‍ കൊതിച്ചിട്ടാകും, ചിലര്‍ക്ക് പക്വത കാട്ടാനാണ്, മറ്റു ചിലര്‍ ആലോചനയ്ക്ക് ഊര്‍ജം ലഭിക്കാന്‍ സിഗരറ്റിന് തിരികൊളുത്തും.
കാരണങ്ങള്‍ എന്തുതന്നെയായാലും ആരോഗ്യത്തെ ബാധിക്കും എന്നതില്‍ സംശയമില്ല. പല രീതിയില്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്കുന്ന സര്‍ക്കാര്‍ എന്നാല്‍ ഒരിക്കലും ഇത് പൂര്‍ണമായി നിരോധിക്കുന്നുമില്ല.
ഇപ്പോഴിതാ 24 വര്‍ഷത്തെ തന്റെ പുകവലി ശീലം ഉപേക്ഷിച്ച ഒരാളുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. രോഹിത് കുല്‍ക്കര്‍ണി എന്ന വ്യക്തിയാണ് ഈ വലിയ തീരുമാനം എടുത്തത്.
24 വര്‍ഷമായി ദിവസേന 10 സിഗരറ്റ് വച്ച് ഇദ്ദേഹം പുകച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ജന്മാഷ്ടമി ദിവസം ഈ ശീലം ഉപേക്ഷിക്കാന്‍ അദ്ദേഹം ഉറച്ചു. ശേഷം ഈ ദിവസംവരെ താന്‍ സിഗരറ്റില്‍ തൊട്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. താന്‍ വളരെ സന്തോഷവാനാണെന്നും അദ്ദേഹം കുറിച്ചു.
നിരവധി പേര് അദ്ദേഹത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. പട്ടാളക്കാരനായിരുന്ന ഒരാള്‍ തന്റെ അനുഭവവും കമന്റായി പങ്കുവച്ചു. അദ്ദേഹം 1982 മുതല്‍ 1996 വരെ ദിവസവും ശരാശരി 15-18 സിഗരറ്റുകള്‍ വലിച്ചിരുന്നത്രെ. എന്നാല്‍ 1996 ജനുവരി നാലിന് അത് നിര്‍ത്തി. അന്നുമുതല്‍ സിഗരറ്റ് തൊട്ടിട്ടില്ല. 28 വര്‍ഷമായി അത് തുടരുന്നു. ധീരമായ തീരുമാനത്തില്‍ നിലനില്ക്കണമെന്ന് അദ്ദേഹം രോഹിത്തിനെ ഉപദേശിച്ചു.