വിശ്രമമില്ലാതെ 104 ദിവസം ജോലി, ഒടുവിൽ...
Tuesday, September 10, 2024 12:52 PM IST
ചൈനയിൽ വിശ്രമമില്ലാതെ 104 ദിവസം ജോലി ചെയ്ത 30 കാരൻ മരിച്ച സംഭവത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് 4,00,000 യുവാൻ (47,01,530 രൂപ) നഷ്ടപരിഹാരമായി കമ്പനി നൽകണമെന്നു കോടതി വിധി.
ഷെജിയാംഗ് പ്രവിശ്യയിൽനിന്നുള്ള ആബാവോ എന്നയാളുടെ മരണത്തിന് 20 ശതമാനം ഉത്തരവാദി കമ്പനിയാണെന്നു വിലയിരുത്തിയാണു കോടതി ഉത്തരവ്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് പെയിന്ററായി അബാവോ കമ്പനിയിൽ ജോലിക്കു കയറിയത്. ഈ വർഷം ജനുവരി വരെ നീളുന്നതായിരുന്നു കരാർ. ഫെബ്രുവരി മുതൽ മേയ് വരെ ഒരു ദിവസം ഒഴികെ 104 ദിവസം അബാവോ തുടർച്ചയായി ജോലി ചെയ്തു.
ഏപ്രിൽ ആറിന് ഒരു വിശ്രമദിനം മാത്രമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. മേയ് 25ന് ശാരീരികക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആ ദിവസം അദ്ദേഹം ജോലിക്ക് പോയില്ല. തൊട്ടടുത്ത രണ്ടുദിവസങ്ങളിലും അദ്ദേഹം വീണ്ടും ജോലിക്ക് പോയി.
എന്നാൽ മേയ് 28ന് അബാവോയുടെ അവസ്ഥ വഷളായി. ശ്വാസകോശത്തിലെ അണുബാധയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജൂൺ ഒന്നിന് മരിച്ചു. ന്യൂമോകോക്കൽ അണുബാധ മൂലമുള്ള ഒന്നിലധികം അവയവങ്ങളുടെ തകരാറ് മൂലമാണ് അബാവോ മരിച്ചതെന്നു കോടതി കണ്ടെത്തി. ചൈനയിൽ വ്യാപകമായ പ്രതിഷേധത്തിനാണ് ഈ സംഭവം കാരണമായിരുന്നു.
ഓവർടൈം ഡ്യൂട്ടി തൊഴിലാളികൾ സ്വമേധയാ എടുക്കുന്നതാണെന്നു കമ്പനി വാദിച്ചെങ്കിലും 104 ദിവസം തുടർച്ചയായി ജോലി ചെയ്യുന്നത് ചൈനീസ് തൊഴിൽ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നു കോടതി നിരീക്ഷിച്ചു. ചൈനീസ് തൊഴിൽ നിയമപ്രകാരം പ്രതിദിനം പരമാവധി എട്ടു പ്രവൃത്തി മണിക്കൂറും ഒരു ആഴ്ചയിൽ ശരാശരി 44 മണിക്കൂറുമാണ് അനുവദനീയം.