"സയാംഗ്'; സമയം സ്വപ്നത്തിന് മുന്നില്‍ അടിയവ് പറയുമ്പോള്‍, ഒരു ഡോക്ടറിന്റെ കഥ
Tuesday, September 10, 2024 12:36 PM IST
പലര്‍ക്കും പല സാഹചര്യങ്ങളാല്‍ തങ്ങളുടെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാന്‍ കഴിയാറില്ല. എങ്കിലും പലരും അതിനായി പരിശ്രമിക്കും. കൂടുതല്‍ ശ്രമിക്കുന്നവര്‍ അത് നേടുകയും അനേകര്‍ക്ക് പ്രചോദനമാവുകയും ചെയ്യും.
അത്തരത്തിലുള്ള ഒരാളുടെ കഥയാണിത്. ടോ ഹോംഗ് കെംഗ് എന്ന മലേഷ്യക്കാരനാണ് ഈ നായകന്. അദ്ദേഹത്തിനിപ്പോള്‍ വയസ് 70 ആയി. ഈ വര്‍ഷം ജൂലൈയില്‍ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ഫിലിപ്പൈന്‍സിലെ സിബുവിലുള്ള സൗത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഫിന്മയില് നിന്ന് ഏറ്റവും പ്രായം കൂടിയ മെഡിക്കല്‍ ബിരുദധാരിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതായത് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മെഡിക്കല്‍ ബിരുദധാരികളില്‍ ഒരാളായി മാറി.
കുട്ടിക്കാലത്ത് ഒരു ഡോക്ടറാകാനുള്ള ആഗ്രഹം കെംഗിനുണ്ടായിരുന്നു. എന്നാല്‍ സാഹചര്യങ്ങളാല്‍ അദ്ദേഹത്തിനത് കഴിഞ്ഞില്ല. സാങ്കേതികവിദ്യയുടെ ലോകത്തായിരുന്നു അദ്ദേഹം തന്റെ ജോലിക്കായി ചിലവഴിച്ചത്. അങ്ങനെ ആ മേഖലയില്‍ നിന്നും വിജയകരമായി വിരമിച്ചു.
അങ്ങനിരിക്കെ 65-ാം വയസില്‍ തന്റെ പഴയ ആഗ്രഹം അദ്ദേഹം പൊടിതട്ടിയെടുത്തു. മെഡിസിന് പഠിക്കാന്‍ സൗത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഫിന്മയില് അദ്ദേഹം ചേര്‍ന്നു. ഇദ്ദേഹത്തിന് ഭ്രാന്താണെന്ന് സുഹൃത്തുക്കള്‍ പലരും കളിയാക്കി. മാത്രമല്ല ഓര്‍മശക്തി, കാഴ്ചശക്തി, കേള്‍വി, ശരീരം എന്നിവ ചെറുപ്പത്തിലേത് പോലെ അല്ലാത്തതിനാല്‍ ഈ പഠനം ഏറെ ക്ലേശകരമായിരുന്നു.
ഏറെ രസകരമായ കാര്യം അദ്ദേഹം ആദ്യമായി ക്ലാസില്‍ എത്തിയപ്പോള്‍ പ്രഫസറാണെന്ന് മറ്റ് വിദ്യാര്‍ഥികള്‍ വിചാരിച്ചത്. പിന്നീട് അവരും അദ്ദേഹവുമായി വലിയ ചങ്ങാത്തത്തിലായി. മൂന്നാം വര്‍ഷത്തില്‍ പീഡിയാട്രിക്സ് പരീക്ഷയില്‍ പരാജയപ്പെട്ടപ്പോള്‍ അത് വലിയ തിരിച്ചടിയായി തോന്നിയെന്ന് കെംഗ് പറയുന്നു. അത് അധിക കാലം പഠിക്കാനിടയാക്കി.
മാത്രമല്ല അവസാന വര്‍ഷത്തില്‍, സ്വകാര്യ ആശുപത്രികളിലും പൊതു ആശുപത്രികളിലും ഒരു വര്‍ഷത്തെ പ്ലേസ്മെന്റ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ചില ഷിഫ്റ്റുകള്‍ 30 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ഇത് പ്രായമനുസരിച്ച് അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കി.
പലവട്ടം താന്‍ ഈ പഠനം നിര്‍ത്തണമെന്ന് വിചാരിച്ചെന്ന് കെംഗ് പറയുന്നു. ആ സമയമത്രയും കുടുംബാംഗങ്ങളും സഹപാഠികളും വലിയ പ്രോത്സാഹനം നല്കി. "സയാംഗ്' എന്ന വാക്യം അദ്ദേഹത്തെ പ്രത്യേകമായി പ്രചോദിപ്പിച്ചിരുന്നു. അതിനര്‍ഥം "അത് കാണാതിരിക്കുന്നത് ലജ്ജാകരമാണ്' എന്നായിരുന്നു.
അദ്ദേഹം പഠിക്കണമൊ എന്ന് ചിന്തിക്കുമ്പോള്‍ സഹപഠികള്‍ "കെംഗ്, നിങ്ങള്‍ ഇപ്പോള്‍ പഠനം ഉപേക്ഷിച്ചാല്‍ അത് സയാംഗ് ആയിരിക്കും' എന്നോര്‍മിപ്പിക്കും. എന്തായാലും ഒടുവില്‍ കെംഗിന് തന്റെ സ്വപ്നം സഫലമാക്കാന്‍ കഴിഞ്ഞു.
"മോഹങ്ങള്‍ ശരീരമില്ലാത്തവയായി അവശേഷിപ്പിക്കാതെ അവയ്ക്ക് ജീവന് നല്കി അതിരുകളില്ലാതെ പറക്കാന്‍ കഴിയുന്നതാക്കണം' എന്ന് ഡോക്ടര്‍ കെംഗ് ഇപ്പോൾ നമ്മോട് പറയുകയാണ്...