57 വര്‍ഷം മുമ്പ് പബ്ബിലെ ശുചിമുറിയില്‍ കാണാതായ മനുഷ്യന്; ഒടുവില്‍...
Monday, September 9, 2024 3:50 PM IST
മരണത്തേക്കാള്‍ സങ്കടമുള്ള കാര്യമാണ് ഒരുനാള്‍ പ്രിയപ്പെട്ടവരെ കാണാതാകുന്നതും പിന്നീട് ഒരു വിവരവും ലഭിക്കാതിരിക്കുന്നതും. പലരുടെയും കാത്തിരിപ്പിനൊടുവില്‍ അപ്രതീക്ഷിതമായി ആ ആള് മടങ്ങി വന്നേക്കാം. ചിലപ്പോള്‍ മരണപ്പെട്ട കാര്യം തിരിച്ചറിഞ്ഞേക്കാം. മിക്കപ്പോഴും എന്ത് സംഭവിച്ചെന്നറിയാതെ കാത്തിരുന്ന ആളും കടന്നു പോകാം.
ഇക്കാര്യം ഇംഗ്ലണ്ടില്‍ നിന്നും 57 വര്‍ഷം മുന്‍പ് കാണാതായ ഒരു മനുഷ്യനെ കുറിച്ചാണ്. ഖനിത്തൊഴിലാളിയായ ആല്‍ഫ്രഡ് സ്വിന്‍സ്കോ എന്ന 54 കാരനാണ് ഇദ്ദേഹം. ഇംഗ്ലണ്ടിലെ ഡെര്‍ബിഷെയറിലാണ് സംഭവം.
1967 ജനുവരിയില്‍ ആല്‍ഫ്രഡ് തന്റെ മകന് ഗാരിയോടൊപ്പം നോട്ടിംഗ്ഹാംഷെയറിലെ പിന്ക്സ്റ്റണിലുള്ള മൈനേഴ്സ് ആംസ് പബ്ബില്‍ പോയി. അവിടെ ഇരുന്ന് അല്പംനേരം മദ്യപിച്ചു. ശേഷം രാത്രി 10.30 ആയപ്പോള്‍ ഒരു റൗണ്ട് ഡ്രിങ്ക്സ് വാങ്ങാന്‍ അദ്ദേഹം മകനോട് പറഞ്ഞു. പിന്നീട് ആല്‍ഫ്രഡ് ശുചിമുറിയിലേക്ക് പോയി. എന്നാല്‍ അതിനുശേഷം ആരും അദ്ദേഹത്തെ കണ്ടിട്ടില്ല.
ഭാര്യയേയും ആറ് മക്കളേയും ഉപേക്ഷിച്ച് അയാള്‍ മറ്റെവിടേക്കോ പോയി എന്ന് പോലും പലരും വിശ്വസിച്ചു. എന്നാല്‍ മകന് ഗാരിക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും അത് വിശ്വസിക്കാന്‍ തോന്നിയില്ല. 2012-ല്‍ ഗാരിക്ക് മരണമടഞ്ഞു. പിന്നീട് ആല്ഫ്രഡിന്റെ ഭാര്യയും മറ്റ് ചില ബന്ധുക്കളും മരണപ്പെട്ടു.
അങ്ങനിരിക്കെ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നോട്ട്സിലെ സട്ടണ്‍-ഇന്‍-ആഷ്ഫീല്‍ഡിലെ ഒരു കര്‍ഷകന്റെ വയലില്‍ സോക്സും ഷൂസും കണ്ടെത്തി. ആല്ഫ്രഡിന്റെ ചെറുമകന് റസല്‍ സമൂഹ മാധ്യമങ്ങള്‍ വഴി അവിചാരിതമായി ഈ ചിത്രം കാണുകയുണ്ടായി.
കുട്ടിക്കാലത്ത് തന്റെ മുത്തച്ഛന്റെ സോക്സ് ഇട്ട് മുകളിലേക്ക് വലിക്കുന്നത് റസലിന്റെ മനസിലേക്ക് വന്നു. അദ്ദേഹം ഡിഎന്‍എ ടെസ്റ്റിനായി അധികൃതരുമായി സംസാരിച്ചു. ശേഷം നടത്തിയ പരിശോധനയില്‍ ആ മൃതദേഹം ആല്ഫ്രഡിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ആല്‍ഫ്രഡ് ക്രൂരമായി കൊല്ലപ്പെട്ടതാണെന്ന് നോട്ടിംഗ്ഹാംഷെയര്‍ പോലീസ് ഉറപ്പിക്കുന്നു.
1967ല്‍ സംഭവിച്ച ഒരു കാര്യത്തിന് പിന്നിലെ കൊലയാളികളെ കണ്ടെത്താന്‍ കഴിയുമൊ എന്ന സംശയം അവര്‍ക്കുമുണ്ട്. കാരണം അക്കാലത്തെ പലരും ഇപ്പോള്‍ ഉണ്ടാകാനിടയില്ലല്ലൊ. എങ്കിലും കഴിവിന്റെ പരമാവധി പരിശ്രമിച്ച് കൊലയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് പോലീസ് പറയുന്നു.
മൃതദേഹം കണ്ടെത്തി ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ആല്‍ഫ്രഡിന് ശരിയായ ശവസംസ്കാരം റസല്‍ ഒരുക്കി. തന്റെ മകനും ഭാര്യയ്ക്കും അരികിലായി ആല്‍ഫ്രഡ് ഇപ്പോള്‍ വിശ്രമിക്കുന്നു. കൊലയാളികള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ശിക്ഷ നല്‍കണമെന്ന് പോലീസ് ഉറയ്ക്കുന്നു. റസല്‍ നീതിയ്ക്ക് സാക്ഷിയാകാൻ കാത്തിരിക്കുന്നു...