ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണമത്സ്യം വിട പറഞ്ഞു
Sunday, September 8, 2024 2:24 PM IST
പേര് കാരറ്റ് എന്നായിരുന്നു. ലോകമെമ്പാടുമായി ലക്ഷോപലക്ഷം ആരാധകര്‍ ഉണ്ടായിരുന്നു. കാരറ്റ് നീന്തുടിക്കുമ്പോള് അവരും ആനന്ദത്തില്‍ ആറാടിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസത്തോടെ ആ സന്തോഷം നിലച്ചു.
പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണമത്സ്യത്തെ കുറിച്ചാണ്. ഫ്രാന്‍സിലെ ബ്ലൂവാട്ടര്‍ തടാകത്തിലുണ്ടായിരുന്ന കാരറ്റിന് 20 വയസായിരുന്നു പ്രായം. ഏകദേശം 67 പൗണ്ട് (30 കിലോ) ഭാരവും ഉണ്ടായിരുന്നു.
രണ്ട് വര്‍ഷം മുമ്പ്, ബ്രിട്ടീഷ് മത്സ്യത്തൊഴിലാളിയായ ആന്‍ഡി ഹാക്കറ്റ് ആണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്ണമത്സ്യമായ കാരറ്റിനെ പിടികൂടിയത്. 2019 ല്‍ യുഎസിലെ മിനസോട്ടയില്‍ ജേസണ്‍ ഫുഗേറ്റ് പിടികൂടിയ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണമത്സ്യമായി കണക്കാക്കിയതിനേക്കാള്‍ 30 പൗണ്ട് ഭാരം കൂടുതലായിരുന്നു കാരറ്റിന്.
2010-ല്‍ ഫ്രാന്‍സിന്റെ തെക്ക് ഭാഗത്ത് ഇറ്റാലിയന്‍ റാഫേല്‍ ബിയാഗിനി പിടികൂടിയ 30 പൗണ്ട് ഭാരമുള്ള ഓറഞ്ച് കോയി കാര്‍പ്പിന്റെ ഇരട്ടിയിലധികം വലിപ്പവുമുണ്ടായിരുന്നു ഇതിന്.
കാരറ്റിന്റെ വിട പറയലില്‍ ദുഃഖത്തിലായ ആരാധകര്‍ക്കായി ഒരു ആശ്വാസവാര്‍ത്ത അധികൃതര്‍ പങ്കുവച്ചു. കാരറ്റിന് രണ്ട് ചെറിയ കുഞ്ഞുങ്ങളുണ്ടത്രെ. അതില്‍ ഒരെണ്ണം 40 പൗണ്ട് ഭാരമുള്ള ഒരു സാധാരണ മീന്‍ ആണ്. എന്നാല്‍ രണ്ടാമന് കാരറ്റിന്റെ സൗന്ദര്യവും രൂപവുമുള്ള മീനാണത്രെ. അതായത് ആനന്ദിക്കാന്‍ വക ബാക്കിയുണ്ട്...