"വിർച്വൽ നല്ലനടപ്പ്'; കുട്ടികൾ യൂട്യൂബിൽ കാണുന്നത് ഇനി മാതാപിതാക്കളും കാണും...
Saturday, September 7, 2024 1:02 PM IST
ഇക്കാലത്തെ കൊച്ചുകുട്ടികൾക്കുപോലും വാട്സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്... എന്നിവയൊക്കെ ഉപയോഗിക്കാനറിയാം. സാമൂഹ്യജീവിതത്തിൽ ഇവ ഒഴിവാക്കാൻ പറ്റാത്തതായിട്ടുമുണ്ട്. എന്നാൽ ഇവയുടെ തെറ്റായ ഉപയോഗം വലിയ പ്രശ്നങ്ങളുണ്ടാക്കും.
ഇതിനു പരിഹാരവുമായി എത്തുകയാണ് യൂട്യൂബ്. ഇനിമുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാൻ സാധിക്കും. യൂട്യൂബിന്റെ പുതിയ ഫീച്ചർ പ്രകാരം കുട്ടികളുടെ അക്കൗണ്ട് മാതാപിതാക്കളുടേതുമായി ലിങ്ക് ചെയ്യാൻ സാധിക്കും.
ഇതിലൂടെ കുട്ടികളുടെ സെർച്ച് ഹിസ്റ്ററി, വീഡിയോ അപ് ലോഡുകൾ, കമന്റുകൾ എന്നിവയുടെയെല്ലാം വിവരങ്ങൾ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് നോട്ടിഫിക്കേഷനായി എത്തും.
ചെറിയ കുട്ടികൾക്ക് വേണ്ട കണ്ടന്റ് മോഡുലേഷൻ യൂട്യൂബ് മുൻപേ നടപ്പിൽ വരുത്തിയതാണ്. എന്നാൽ ഈ ഫീച്ചറിലൂടെ ടീനേജ് വിഭാഗത്തിലുള്ള കുട്ടികളുടെയും "വിർച്വൽ നല്ലനടപ്പ്' ഉറപ്പുവരുത്തുകയാണ് യൂട്യൂബ്. വിദഗ്ധരുമായി കൂടിയാലോചിച്ചശേഷമാണ് യൂട്യൂബ് ഇത്തരം ഒരു തീരുമാനമെടുത്തത്.
ഈ ശ്രമത്തോടെ പോണോഗ്രാഫി ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളിൽനിന്നു കുട്ടികൾ മാറിനിൽക്കുമെന്നും മികച്ച ഒരു ഉപയോഗസംസ്കാരം വളർത്തിയെടുക്കാനാകുമെന്നുമാണ് യൂട്യൂബിന്റെ പ്രതീക്ഷ.