പുനര്‍വിവാഹത്തിന് ശേഷം സഹപ്രവര്ത്തകന് നല്കിയ സമ്മാനം പിന്‍വലിക്കാന്‍ ശ്രമിച്ച വയോധികന്; സംഭവിച്ചത്
Friday, September 6, 2024 11:16 AM IST
വാക്ക് ഏറ്റവും പാലിക്കപ്പെടേണ്ട ഒന്നാണല്ലൊ. കാരണം അത് നമ്മുടെ വ്യക്തിത്വത്തെ ചൂണ്ടിക്കാട്ടുന്നതാണല്ലൊ. എന്നാല്‍ പണവും സമ്പത്തും സ്ഥാനവുമൊക്കെ കാണുമ്പോള്‍ പലരും വാക്കിന് പുല്ലുവില നല്‍കാറുണ്ട്. പക്ഷെ കാലം അത്തരക്കാരെ കോമാളിയാക്കി തന്റെ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കാറുണ്ട്.
ഇപ്പോഴിതാ ചൈനയിലെ ഒരു 99 കാരന് തന്റെ സുഹൃത്തിന് നല്കിയ വാക്ക് പിന്‍വലിക്കാന്‍ ശ്രമിക്കുന്ന സംഭവം വാര്‍ത്തകളില്‍ ഇടം നേടുന്നു. ഷാംഗ്ഹായില്‍ നിന്നുള്ള ടാന്‍ എന്നയാളാണ് ടിയാന്.
ഇദ്ദേഹം സ്വന്തം മക്കളുമായി വഴക്കിലായിരുന്നു. അതിനാല്‍ അവരാരും അങ്ങേരെ തിരിഞ്ഞുനോക്കിയിരുന്നില്ല. അതുകൊണ്ട് ടാന്‍ തന്റെ ഗു എന്ന സുഹൃത്തുമായി ഒരു കരാര്‍ ഒപ്പിട്ട്. ഗു ഇദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്ത്തകന് കൂടിയായിരുന്നു. അവസാന കാലം ടാനിനെ സംരക്ഷിച്ചാല്‍ ഗുവിനും കുടുംബത്തിനും തന്റെ ഫ്ലാറ്റ് നല്‍കാമെന്നായിരുന്നു ആ ഓഫര്‍.
ഗുവും കുടുംബവും അതിന് തയാറായി. അതിന്‍പ്രകാരം 2005 മുതല്‍ ടാനിന്റെ കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ കുടുംബം നോക്കാന്‍ ആരംഭിച്ചു. ഗുവിന്റെയും കുടുംബത്തിന്റെയും പതിവ് ഫോണ്‍ കോളുകള്‍, ആഴ്ചതോറുമുള്ള സന്ദര്‍ശനം, പലചരക്ക് സാധനങ്ങളും വസ്ത്രങ്ങളും വാങ്ങല്‍, അസുഖബാധിതനായിരിക്കുമ്പോള്‍ പരിപാലിക്കല്‍ എന്നിവയെല്ലാം കരാര്‍ പ്രകാരം കൃത്യമായി നടന്നു. ടാനും ഹാപ്പിയായിരുന്നു.
എന്നാല്‍ 2018ല്‍ തന്റെ 93-ാം വയസില്‍ ടാന്‍ മറ്റൊരു വിവാഹം കഴിച്ചു. അതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അദ്ദേഹം വീട് നല്‍കാനുള്ള തീരുമാനത്തില്‍ ഖേദിച്ചു. അതെങ്ങനെയെങ്കിലും കൈക്കലാക്കാന്‍ തീരുമാനിച്ചു. 2019-ലും 2021-ലും ഗുവിന്റെ പേരില്‍ പല കേസുകള്‍ നല്കി. കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
സഹിക്കെട്ട ഗുവും തിരച്ചടിച്ചു. 2006 മുതല്‍ തനിക്കവകാശമുള്ള ഫ്ലാറ്റില്‍ താമസിച്ചതിന്റെ വാടക അദ്ദേഹം ടാനിനോട് ചോദിച്ചു; കേസ് നല്കി. ടാനുമായുള്ള കുടുംബത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും ഗു കോടതിയില്‍ കാണിച്ചു. ഒരു ദശാബ്ദത്തിലേറെയായി താന്‍ ഗുവിനോട് അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ചൂണ്ടിക്കാട്ടി.
ഒടുവില്‍ കോടതി ഗുവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. നിലവില്‍ വീടും പേരും പോയ സ്ഥിതിയാണ് ടാനിനുള്ളത്. "വാഗ്ദാനങ്ങള്‍ ലംഘിക്കുന്നത് ധാര്‍മ്മികമായി തെറ്റാണ്, പ്രത്യേകിച്ചും മറ്റുള്ളവരില്‍ നിന്നും ചിലത് നേടിയ ശേഷം' എന്നാണൊരാള്‍ ടാനിനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.