ക്ഷേത്രസ്ഥലത്ത് അസ്ഥികൂടങ്ങൾ; പഴക്കം 3,000 വർഷത്തിലധികം
Tuesday, September 3, 2024 12:27 PM IST
വടക്കൻ പെറുവിൽ പുരാതനകാലത്ത് ക്ഷേത്രം സ്ഥിതിചെയ്തിരുന്ന സ്ഥലത്തുനിന്നു 3,000 വർഷത്തിലേറെ പഴക്കമുള്ള നാല് അസ്ഥികൂടങ്ങൾ കണ്ടെത്തി. പെറുവിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ട്രൂജില്ലോയിലെ പുരാവസ്തു ഗവേഷകരാണു നൂറ്റാണ്ടുകൾക്കു പിന്നിലേക്കു വെളിച്ചം വീശുന്ന സുപ്രധാന കണ്ടെത്തൽ നടത്തിയത്.
വിരു പ്രവിശ്യയിലെ താഴ്വരയ്ക്ക് സമീപം മണ്ണിനും കല്ലിനും ഇടയിലായിട്ടായിരുന്നു അസ്ഥികൂടങ്ങൾ. ഇവയ്ക്കു 3,100 നും 3,800 നും ഇടയിൽ വർഷം പഴക്കമുണ്ടെന്നു പുരാവസ്തു ഗവേഷകനായ ഫെറൻ കാസ്റ്റില്ലോ സാക്ഷ്യപ്പെടുത്തുന്നു.
പുരാതനമായ അനേകം സംസ്കാരങ്ങളുടെ കേന്ദ്രം കൂടിയാണ് അസ്ഥികൂടങ്ങൾ കണ്ട സ്ഥലം. ഈ പ്രദേശത്തെ സാംസ്കാരിക പരിണാമത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ അസ്ഥികൂടങ്ങൾ സഹായിക്കും.
നാല് അസ്ഥികൂടങ്ങൾ കണ്ടെത്തിയതിനാൽ കൂടുതൽ പേരെ ഇവിടെ അടക്കം ചെയ്തിട്ടുണ്ടാവാമെന്നു കരുതുന്നതായും കാസ്റ്റില്ലോ പറഞ്ഞു.