"എനിക്കൊരു ഹൃദയം ലഭിച്ചിരിക്കുന്നു'; ആറുവയസുകാരന്റെ ആനന്ദം മനസിനെ തൊടുന്നു...
Friday, August 30, 2024 4:11 PM IST
അവയവദാനം എത്ര മഹത്കരമായ ഒരു കാര്യമാണെന്ന് നാം തിരിച്ചറിയണം. ഈ ലോകത്ത് നിന്നും പോകുമ്പോള്‍ അതാര്‍ക്കെങ്കിലും ഉപകരിക്കുന്ന തരത്തില്‍ ചെയ്യുക വലിയ കാര്യം തന്നെയാണ്.
അവയവ തട്ടിപ്പുകാരും വാണിജ്യക്കാരുമൊക്കെ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അതിലുപരിയായി അര്‍ഹരായ ചിലര്‍ ഉണ്ട്. ഇപ്പോഴിതാ തനിക്കൊരു ഡോണറെ ലഭിച്ചെന്ന വാര്‍ത്ത സന്തോഷത്തോടെ മറ്റുള്ളവരെ അറിയിക്കുന്ന ഒരു ആറു വയസുകാരന് നെറ്റിസണ്‍സിന്റെ ഹൃദയത്തെ തൊടുന്നു.
ജോണ്‍ ഹെന്റി എന്നാണ് ഈ കുട്ടിയുടെ പേര്. അവന് ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാര്‍ട്ട് സിന്‍ഡ്രോം അല്ലെങ്കില്‍ എച്ച്എല്എച്ച്എസ് എന്ന അപൂര്‍വരോഗം ഉണ്ടായിരുന്നു. ഗര്‍ഭാവസ്ഥയില്‍ ഹൃദയത്തിന്റെ ഇടതുഭാഗം പ്രതീക്ഷിച്ചതുപോലെ രൂപപ്പെടാത്തതാണ് ഇതിന്റെ കാരണം. ഈ അവസ്ഥ ഹൃദയത്തിലൂടെയുള്ള രക്തപ്രവാഹത്തെ ബാധിക്കുന്നു. ഇത് ഹൃദയത്തിന്റെ വലതുഭാഗം അമിതമായി പ്രവര്‍ത്തിക്കാന്‍ ഇടയാക്കുന്നു.
തന്റെ അപൂര്‍വ രോഗത്തെ ചികിത്സിക്കാന്‍ ജോണിന് ഒന്നിലധികം ശസ്ത്രക്രിയകള്‍ ആവശ്യമായിരുന്നു. എന്നാല്‍ അതത്ര പ്രാവര്ത്തികമല്ലായിരുന്നു. കുട്ടിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ജോണ്‍ ഹെന്റിയെ 2023 ഡിസംബറില്‍ ട്രാന്‍സ്പ്ലാന്റ് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
കഴിഞ്ഞ ആറുമാസമായി അവന് ഒരു ഡോണറിനായി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ഒഹായോ ആശുപത്രിയില്‍ ആയിരുന്ന അവന് ഒരു ഹൃദയം ലഭിച്ചു. അവന്റെ അമ്മ സാറാ ലീ ഇക്കാര്യം നിറകണ്ണുകളോടെ ജോണിനോട് പറഞ്ഞു.
തനിക്ക് ഇക്കാര്യം എല്ലാവരോടും പറയണമെന്ന് ജോൺ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ എത്തിയ വീഡിയോയില്‍ അവന് "എനിക്ക് ഒരു പുതിയ ഹൃദയം ലഭിക്കുന്നു!' എന്ന് ആശുപത്രിയിലെ നഴ്സുമാരോടും മറ്റുള്ളവരോടും ആഹ്ലാദത്തോടെ പറയുന്നത് കാണാം. അവരും അവനൊപ്പം സന്തോഷിക്കുന്നു.
അവയവദാനത്തെക്കുറിച്ച് കൂടുതല്‍ അവബോധം വളര്‍ത്തുന്നതിനായി തന്റെ മകന്റെ കഥ എല്ലാവരോടും പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നതായി സാറ പറഞ്ഞു. "അവയവ ദാനം എന്റെ മകന്റെ ജീവന് രക്ഷിച്ചു. അതില്ലെങ്കില്‍ അവന് ഇപ്പോള്‍ ജീവിക്കില്ലായിരുന്നു. ഈ പ്രത്യേക ഹൃദയത്തെ ഞങ്ങള്‍ വളരെയധികം പരിപാലിക്കാന്‍ പോകുകയാണ്, ഞങ്ങളുടെ ദാതാവിനോടും അവരുടെ കുടുംബത്തോടും ഞങ്ങള്‍ എന്നും നന്ദിയുള്ളവരാണ്'- അവര്‍ കുറിച്ചു. അവരുടെ സന്തോഷത്തില്‍ നെറ്റിസണ്‍സും സന്തോഷിക്കുകയാണ്...