"മോട്ടോര്‍ സൈക്കിള്‍ ഗേള്‍'; രാജ്യത്തുടനീളം ഒറ്റയ്ക്ക് സവാരി നടത്തുന്ന ആദ്യ പാക്കിസ്ഥാന് വനിത
Wednesday, August 28, 2024 11:50 AM IST
തെരുവിലും തരുവിലും വീശിയടിക്കുന്ന മാരുതന്‍ പറയുന്ന കഥകള്‍ സ്വാതന്ത്ര്യത്തിന്റേത് മാത്രമല്ല; യാത്രയുടേതുമാണ്. അതേ യാത്രകള്‍ ഏതിനേയും നവീകരിക്കും. മനുഷ്യനെ സംന്ധിച്ച് അവരുടെ ചിന്താഗതികളും കാഴ്ചപ്പാടുകളെയും അത് മാറ്റിമറിക്കും.
ഇക്കാലത്ത് പലരും മോട്ടോര്‍ ബൈക്കിലും മറ്റുമായി രാജ്യ സഞ്ചാരമൊ ലോക സഞ്ചാരമൊ ഒക്കെ നടത്താറുണ്ട്. അത്തരത്തില്‍ പാക്കിസ്ഥാനില്‍ നിന്നുമുള്ള ഒരാളാണ് സെനിത്ത് ഇര്ഫാന്. രാജ്യത്തുടനീളം ഒറ്റയ്ക്ക് സവാരി നടത്തുന്ന ആദ്യ പാക് വനിതയായാണ് ഈ ലാഹോറുകാരി.
1960-കളില്‍ പാക്കിസ്ഥാനില്‍ നിന്നും യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് കുടിയേറിയവരായിരുന്നു സെനിത്തിന്റെ മുന്‍ തലമുറക്കാര്‍. ഷാര്‍ജയിലാണ് സെനിത്ത് ജനിച്ചത്. എന്നാല്‍ ഈ പെണ്‍കുട്ടിക്ക് 12 വയസുള്ളപ്പോള്‍ കുടുംബം പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തി.
മോട്ടോർസൈക്കിളില്‍ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്നായിരുന്നു സെനിത്തിന്റെ പിതാവിന്റെ ആഗ്രഹം. എന്നാല്‍ അദ്ദേഹമൊരു സൈനികനായിരുന്നു. അതിനാല്‍ത്തന്നെ ഈ ആഗ്രഹം സഫലീകരിക്കാനുള്ള സമയം ലഭിച്ചിരുന്നില്ല. വൈകാതെ അദ്ദേഹം മരണപ്പെടുകയുമുണ്ടായി.
പിതാവിന്റെ മരണശേഷം, അദ്ദേഹം അവന് പൂര്‍ത്തിയാക്കാത്ത യാത്ര താന്‍ അദ്ദേഹത്തിനായി നടത്തണമെന്ന തോന്നല്‍ സെനിത്തിനുണ്ടായി. 2013-ല്‍, സഹോദരന് ബൈക്ക് ഓടിക്കുവാന്‍ അവളെ പഠിപ്പിച്ചു. പിന്നീട് അവള് തന്റെ യാത്ര ആരംഭിച്ചു.
കൊടുങ്കാറ്റിലൂടെയും സൂര്യപ്രകാശത്തിലൂടെയും മഴയിലൂടെയും അവള് സഞ്ചരിച്ചു. 2015-ല്‍ സെനിത്ത് ഇര്ഫാന് ലാഹോറില്‍ നിന്ന് കാഷ്മീരിലേക്ക് ബൈക്കില്‍ ഒറ്റയ്ക്ക് യാത്ര തുടങ്ങി. ഇതുവരെ പാക്കിസ്ഥാനിലുടനീളം 50,000 കിലോമീറ്റര്‍ പിന്നിട്ടു. വിവിധ സംസ്കാരങ്ങളിലെ ആളുകളെ കണ്ടു. അവളുടെ യാത്രയില്‍ യാഥാസ്ഥിതികര്‍ നെറ്റി ചുളിക്കുകയും വിശാല ചിന്തയുള്ളവര്‍ കൈയടിക്കുകയും ചെയ്തു.
ഒരു പാക്കിസ്ഥാന് ചലച്ചിത്ര നിര്‍മാതാവ് അവളുടെ ജീവിതത്തെ കുറിച്ച് "മോട്ടോര്‍ സൈക്കിള്‍ ഗേള്‍' എന്ന പേരില്‍ ഒരു ജീവചരിത്ര സിനിമ പോലും നിര്‍മിച്ചു. നിലവില്‍ അവളുടെ യാത്രകള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്. "നിന്റെ അച്ഛന് നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ടാവും' എന്നാണൊരാള്‍ കുറിച്ചത്.
തുടരുന്ന യാത്രകള്‍ക്കിടയില്‍ സെനിത്ത് കുറിക്കുന്നത് താന്‍ പിതാവിനായിട്ട് വണ്ടി ഓടിക്കുകയല്ല ചെയ്യുന്നത് മറിച്ച് അദ്ദേഹത്തിനൊപ്പം സവാരി ചെയ്യുകണത്രെ...