പ്രതിമാസം ആറുലക്ഷം ജീവനാംശം വേണമത്രെ; വിമർശിച്ച് ജഡ്ജി.
Tuesday, August 27, 2024 12:51 PM IST
കർണാടക ഹൈക്കോടതിയിൽ നടന്ന ജീവനാംശക്കേസിൽ പരാതിക്കാരിക്കെതിരേ രൂക്ഷവിമർശനവുമായി ജഡ്ജി. രാധ മുനുകുന്തള എന്ന സ്ത്രീ മുൻ ഭർത്താവായ നരസിംഹയില്നിന്നു പ്രതിമാസം 6,16,300 രൂപ ജീവനാംശം ആവശ്യപ്പെട്ടതാണു ജഡ്ജിയെ ചൊടിപ്പിച്ചത്.
ഇത്രയും തുക ഒരാള്‍ക്ക് ഒരുമാസം ചെലവിന് വേണമെങ്കില്‍ ഹർജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്നായിരുന്നു വനിതാ ജഡ്ജിയുടെ വാക്കുകള്‍. ന്യായമായ തുക ആവശ്യപ്പെടുകയാണെങ്കില് ഹർജി പരിഗണിക്കാമെന്നും അല്ലെങ്കില്‍ ഹർജി തള്ളുമെന്നും കോടതി ഹർജിക്കാരിയുടെ അഭിഭാഷകനോടു വ്യക്തമാക്കി.
2023 സെപ്റ്റംബറില്‍ ബംഗളൂരു കുടുംബക്കോടതി രാധയ്ക്കു പ്രതിമാസം 50,000 രൂപ ഭർത്താവു ജീവനാംശം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് രാധ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്.
വസ്ത്രങ്ങളും വളകളും ചെരിപ്പുകളും വാങ്ങാൻ മാത്രം മാസം 15,000 രൂപ വേണ്ടിവരുമെന്നായിരുന്നു ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞത്. ഭക്ഷണത്തിന് 60,000 രൂപ, മുട്ടുവേദനയ്ക്കുള്ള ഫിസിയോതെറാപ്പി ഉള്‍പ്പെടെ ചികിത്സയ്ക്കായി നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുമെന്നും സ്ത്രീയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാല്‍, വാദം കേട്ട വനിതാ ജഡ്ജി ഈ ആവശ്യങ്ങള്‍ കോടതി നടപടികളെ ചൂഷണംചെയ്യുന്നതാണെന്നു നിരീക്ഷിച്ചാണു ഹർജിക്കാരിയെ വിമർശിച്ചത്. കോടതി നടപടികളുടെ വീഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.