അപ്പു പ്രകാശ്; ക്രീസിലെ മിന്നും താരം
ഹരുണി സുരേഷ് വൈപ്പിൻ
Wednesday, August 21, 2024 1:00 PM IST
ക്രിക്കറ്റ് ലോകത്തിന് ശ്രീശാന്തിനെയും സഞ്ജു സാംസണെയുമെല്ലാം സംഭാവന ചെയ്ത കേരളക്കരയിൽനിന്നു മറ്റൊരു താരം കൂടി ക്രീസിലേക്ക് ഓടിയടുക്കുകയാണ്. തേവര എസ്എച്ച് കോളജിലെ മൂന്നാം വർഷ ബി. കോം വിദ്യാർഥിയും നായരമ്പലം സ്വദേശിയുമായ അപ്പു പ്രകാശ് ആണ് ആ ഭാവി താരം.
കേരള ക്രിക്കറ്റിൽ അണ്ടർ 19 വിഭാഗത്തിലെ മിന്നും താരം എന്ന് വിശേഷിപ്പിക്കാവുന്ന അപ്പു സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ചിട്ടുള്ള കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിനു വേണ്ടി കളത്തിലിറങ്ങാനുള്ള പരിശീലനത്തിലാണ്.
കെസിഎല്ലിനോട് അനുബന്ധിച്ച് നടന്ന താരലേലത്തിൽ ഒരു ലക്ഷം രൂപയ്ക്കാണ് ബ്ലൂ ടൈഗേഴ്സ് അപ്പുവിനെ സ്വന്തമാക്കിയത്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അണ്ടർ 23 കേരള ടീമിലേക്കുള്ള സെലക്ഷൻ മാച്ചുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച് ടീമിൽ ഒന്നാമനായി സെന്റർ സോൺ മാച്ചിലേക്ക് ഇടം നേടിയിട്ടുണ്ട്.
കടന്നുവന്ന വഴികളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ഈ യുവതാരം നേരത്തെ അണ്ടർ 16, അണ്ടർ 19 വിഭാഗത്തിൽ കേരളത്തിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്നു. വിജയ് മർച്ചന്റ് ട്രോഫിയിൽ ആദ്യ മത്സരത്തിൽ തന്നെ ഗോവയ്ക്കെതിരേ പുറത്താകാതെ 136 റൺസെടുത്തു കൊണ്ടാണ് അപ്പു തന്റെ കരിയർ ആരംഭിക്കുന്നത്.
2022-23 അണ്ടർ 19 വിഭാഗത്തിൽ ഇടുക്കിക്കെതിരേ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ചുറി അപ്പുവിന്റെ കരിയറിലെ സ്വർണ തൂവലാണ്. പുറത്താകാതെ 128 ബോളിൽ 261 റൺസാണ് അന്ന് നേടിയത്.
എട്ടാം വയസിൽ വൈപ്പിൻ ക്രിക്കറ്റ് അക്കാദമിയിൽ പി.എസ്. മനോജിന്റെയും ടോമി കിരിയാന്തന്റെയും ശിക്ഷണത്തിലാണ് ക്രിക്കറ്റ് പരിശീലനം ആരംഭിച്ചത്. എറണാകളം സ്വാന്റൺസ് ടീമംഗമായ അപ്പുവിന്റെ ഇപ്പോഴത്തെ പരിശീലകർ ടിജു ഫ്രാൻസീസ്, ക്രിസ്റ്റി ഫെർണാണ്ടസ്, മുൻ രഞ്ചി താരങ്ങളായ സെബാസ്റ്റ്യൻ ആന്റണി, സി. എം. ദീപക്ക് എന്നിവരാണ്.
പ്രിയ ഗുരുക്കന്മാർക്കൊപ്പം മാതാപിതാക്കളുടെയും ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിന്റെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് തന്റെ ഇതുവരെയുള്ള നേട്ടങ്ങൾക്ക് പിന്നിലെന്നാണ് എളിയ മനസിന്റെ ഉടമയായ അപ്പുവിന്റെ പ്രതികരണം.
നായരമ്പലം പ്രയാഗ കോളജ് പ്രിൻസിപ്പൾ പി.ടി പ്രകാശന്റെയും നായരമ്പലം പഞ്ചായത്ത് അംഗം സി.സി. സിജിയുടെയും മകനാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ഹൗസർജൻസി വിദ്യാർഥിനി ഹരിതയാണ് സഹോദരി.