മിണ്ടുന്നതിന് ഉൾപ്പെടെ ഭാര്യയ്ക്ക് പണം..! വിവാഹമോചനം നേടി യുവാവ്
Monday, August 12, 2024 12:29 PM IST
വിവാഹബന്ധം വേർപെടുത്താൻ പങ്കാളികൾ പറയുന്ന കാരണങ്ങളിൽ പലതും അന്പരപ്പിക്കുന്നവയാണ്. തമാശയായി തോന്നുന്നതടക്കം അതീവ ഗുരുതരമായ കാര്യങ്ങളും അതിൽ വരും. എന്നാൽ, തായ്വാൻ പൗരനായ ഹാവോ എന്ന യുവാവ് വിവാഹമോചനത്തിന് ഉന്നയിച്ച കാരണം കേട്ടാൽ വിചിത്രമായി തോന്നും.
ഭാര്യ സംസാരിക്കാനും ശാരീരികബന്ധത്തിനും പണം ആവശ്യപ്പെടുന്നു എന്നായിരുന്നു യുവാവിന്റെ പരാതി. കോടതി ഇരുവർക്കും കൗൺസിലിംഗ് ഒക്കെ നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഒടുവിൽ കോടതി വിവാഹമോചനം അനുവദിച്ചുവെന്നാണു റിപ്പോർട്ട്.
2014ലാണ് ഹാവോയും ഷുവാനും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്. നല്ലരീതിയിൽ മുന്നോട്ടു പോയിരുന്ന ഇവരുടെ ജീവിതത്തിൽ പിന്നീട് അസ്വാരസ്യങ്ങളുണ്ടായി. മാസത്തിലൊരിക്കൽ മാത്രമേ താൻ ശാരീരികബന്ധത്തിന് തയാറാവൂ എന്ന് അറിയിച്ച ഭാര്യ,
പിന്നീട് എല്ലാ അടുപ്പവും അവസാനിപ്പിച്ചു. ഭർത്താവ് തടിച്ചവനാണെന്നും കഴിവില്ലാത്തവനാണെന്നുമാണ് ഇതിനു കാരണമായി ഷുവാൻ ബന്ധുക്കളോട് പറഞ്ഞത്.
എന്നാൽ, ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷിച്ചതോടെ ഷുവാൻ അനുരഞ്ജനത്തിനു തയാറായി. അവളെ വിശ്വസിച്ച ഹാവോ കേസ് പിൻവലിക്കുകയും തന്റെ സ്വത്ത് ഭാര്യയുടെ പേരിലാക്കുകയും ചെയ്തു.
പക്ഷേ, ഭാര്യ പിന്നീടും തന്നോട് അടുപ്പം കാട്ടിയില്ലെന്നും സംഭാഷണത്തിനും ശാരീരികബന്ധത്തിനും ഓരോ തവണയും 1,260 രൂപ വീതം വേണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണു ഹാവോ പരാതിയിൽ ചൂണ്ടിക്കാട്ടിയത്.
പ്രാദേശിക കോടതി അനുവദിച്ച വിവാഹമോചനത്തിനെതിരേ ഷുവാൻ ഉന്നത കോടതിയെ സമീപിച്ചെങ്കിലും വിധി ശരിവയ്ക്കുകയാണുണ്ടായത്.