സോമന്റെ ലക്ഷ്യം ഗിന്നസ് റിക്കാർഡ്
Monday, August 12, 2024 12:19 PM IST
ലോക ഗജദിനമായ ഇന്ന് ആന മുത്തച്ഛനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ് കൊലകൊമ്പൻമാരെപ്പോലും ചട്ടംപഠിപ്പിക്കുന്നതിന് പരിശീലനംലഭിച്ച താപ്പാനയാണ് 82 കാരനായ സോമൻ.
ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആന. ഗിന്നസ് റിക്കാർഡിൽ കയറാനുള്ള തയാറെടുപ്പിലാണ് സോമൻ. പരിശോധനകളിൽ അനുകൂല തീരുമാനമുണ്ടായാൽ സോമൻ ലോകഗജരാജ പട്ടത്തിനുടമയാവും.
കഴിഞ്ഞവർഷം ചരിഞ്ഞ ദേവസ്വം ബോർഡിന്റെ 82 വയസുണ്ടായിരുന്ന ദാക്ഷായണിയെയാണ് ഏറ്റവും പ്രായമുള്ള ആനയായി കണക്കാക്കിയിരുന്നത്. പണച്ചെലവു കാരണം ദാക്ഷായണിക്കായി ഗിന്നസ് അവകാശം ഉന്നയിക്കാൻ ദേവസ്വം ബോർഡ് തയാറായില്ല. ദാക്ഷായണി ചരിഞ്ഞതിനെത്തുടർന്നാണ് സോമനെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്തുന്നതിനായി 'ഫോറസ്റ്റ് ഡെവലപ്മെൻറ് ഏജൻസി' തീരുമാനിച്ചത്.
നിലവിൽ ഏഷ്യൻ, ആഫ്രിക്കൻ ആനകളിൽ ഏറ്റവും പ്രായമുള്ളത് സോമനാണ്. വലതുകണ്ണിനു നേരിയ കാഴ്ചക്കുറവുണ്ടെന്നതൊഴിച്ചാൽ സോമൻ ഇപ്പോഴും പൂർണ ആരോഗ്യവാനാണെന്ന് പാപ്പാന്മാർ സാക്ഷ്യപ്പെടുത്തുന്നു.
ഗിന്നസ് റിക്കാർഡ് ലഭിക്കുമ്പോൾ സോമൻ എന്ന പേരിനു ഗരിമ പോരാ എന്നു തോന്നിയതിനാലാവാം സോമനാഥൻ എന്ന പേരിട്ട് ഗസറ്റ് വിജ്ഞാപനത്തിലൂടെ പേരു മാറ്റാനും ആലോചനയുണ്ട്.
ഇടഞ്ഞ ആനയെ നിമിഷങ്ങൾക്കുള്ളിൽ അനുസരിപ്പിക്കാൻ അസാമാന്യ വഴക്കവും കരുത്തുമാണ് സോമന്. സോമന്റെ ആദ്യകാലം കോന്നി ആനക്കൊട്ടിലിലായിരുന്നു. പാപ്പാൻമാരെ ബഹുമാനിച്ചിരുന്ന സോമന് ഒരിക്കൽപോലും വനപാലകരുടെ ചുവപ്പുകാർഡ് കാണേണ്ടിവന്നിട്ടില്ല. അസാധാരണമായ വളർച്ചയുണ്ടായപ്പോൾ കൊമ്പുകൾ രണ്ടുവട്ടം മുറിച്ചുമാറ്റി. എങ്കിലും ശേഷിക്കുന്ന കൊമ്പിനുതന്നെയുണ്ട് മൂന്നരമീറ്റർ നീളം.
65-ാം വയസിൽ സർവീസിൽനിന്ന് വിരമിക്കൽ സർട്ടിഫിക്കറ്റും വാങ്ങിയാണ് സോമൻ വിശ്രമജീവിതത്തിനായി കോന്നിയിൽനിന്ന് കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലെത്തിയത്.