"ആദ്യത്തേത് കോഴിയൊ മുട്ടയൊ?'; ഈ ചോദ്യം ഒരു കൊലപാതകത്തില്‍ കലാശിച്ചപ്പോള്‍...
Tuesday, August 6, 2024 3:33 PM IST
നമുക്കിടയില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമൊക്കെയുണ്ടല്ലൊ. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പലപ്പോഴും രസകരമായ തര്‍ക്കങ്ങള്‍ക്കൊക്കെ വഴിവയ്ക്കാറുണ്ട്. അത്തരത്തില്‍ പ്രശസ്തമായ ഒരു ചോദ്യമാണല്ലൊ കോഴിയാണൊ മുട്ടയാണോ ആദ്യം വന്നതെന്നത്.
ചിലര്‍ മുട്ടയ്ക്കായി കട്ടായം തര്‍ക്കിക്കുമ്പോള്‍ ചിലര്‍ തങ്ങള്‍ കോഴി പക്ഷക്കാര്‍ എന്നുറപ്പിച്ച് പറയും. എന്നാല്‍ അടുത്തിടെ ഇന്തോനേഷ്യയില്‍ ഈ ചോദ്യം ഒരു കൊലപാതകത്തിലാണ് കലാശിച്ചത്. ദുഃഖകരമായ ഈ സംഭവം നടന്നത് ഇന്തോനേഷ്യയിലെ തെക്കുകിഴക്കന്‍ സുലവേസി പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന മുന റീജന്‍സിയിലാണ്.
ജൂലൈ 24 നാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിആര്‍ എന്ന ഇനീഷ്യലില്‍ മാത്രം തിരിച്ചറിയുന്ന പ്രതിയും സുഹൃത്ത് കാദിര് മര്‍കസും ആണ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇരുവരും കൂടി മദ്യപിക്കുന്നതിനിടെ ഡിആര്‍ "കോഴിച്ചോദ്യം' മര്‍കസിനോട് ചോദിച്ചു. ചര്‍ച്ച തര്‍ക്കമായ വാദപ്രതിവാദമായി. ഒടുവില്‍ വഴക്കുമായി.
ഈ സമയം സാഹചര്യം വഷളാക്കാതിരിക്കാന്‍, സംഭാഷണം ഉപേക്ഷിച്ച് മാര്‍കസ് വീട്ടിലേയ്ക്ക് നടന്നു. എന്നാല്‍ കുപിതനായ ഡിആര്‍ ബുഗിസ്, മകാസറീസ് തുടങ്ങിയ തെക്കന്‍ സുലവേസിയിലെ തീരദേശ ഗോത്രങ്ങള്‍ ഉപയോഗിച്ചിരുന്ന ബാഡിക് എന്നറിയപ്പെടുന്ന ഒരു പരമ്പരാഗത ആയുധവുമായി പിന്നാലെ എത്തി.
ശേഷം മാര്‍കസിനെ ആക്രമിച്ചു. ആയുധം ഉപയോഗിച്ച് 15-ലധികം തവണ കുത്തി. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ മാര്‍കസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആള് മരണത്തിന് കീഴടങ്ങി.
കൊലപാതകം നടക്കുമ്പോള്‍ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് ടോങ്കുനോ പോലീസ് മേധാവി ഇപ്തു അബ്ദുള്‍ ഹസന് സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡിആറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ആയുധവും പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയ്ക്ക് 18 വര്‍ഷം വരെ തടവ് ലഭിക്കാനിടയുണ്ടെന്നാണ് വിവരം.
എന്തായാലും നിരുപദ്രവം എന്ന് കരുതിയ ഒരു സംശയം ഒരാളുടെ ജീവനെടുത്ത ഞെട്ടലിലാണ് നെറ്റിസണ്‍സ്.