അണയാത്ത ദീപമാണ് അമ്മ
Saturday, August 3, 2024 1:50 PM IST
"ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്. പഠിക്കാന്‍ മടി തോന്നിയപ്പോള്‍ ഒരു ദിവസം ഞാന്‍ വീടുവിട്ടിറങ്ങി. അന്ന് മറ്റൊന്നും മനസില്‍ തോന്നിയില്ല. ഇനി പഠിക്കേണ്ട എന്ന വിചാരം മാത്രമായിരുന്നു. എറണാകുളത്തിനു പുറത്തു ഒരാഴ്ച താമസിച്ചശേഷം വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോള്‍ എന്നെ കാണാതെ വിഷമിച്ചിരിക്കുന്ന അമ്മയെയാണ് കണ്ടത്.
പക്ഷേ, എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പഠനഭാരം കൂടിയപ്പോള്‍ മൂന്നു മാസം കഴിഞ്ഞ് ഞാന്‍ വീണ്ടും നാടുവിട്ടു. ഏറെ വൈകാതെ വീട്ടിലേക്കു തിരിച്ചു പോന്നു. അതിനുശേഷം ഒരു തവണ കൂടി നാടുവിട്ടു പോയി.
അന്ന് ഒമ്പതു മാസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. അന്ന് കരഞ്ഞു കലങ്ങിയ മുഖവുമായി എന്നെ കാത്തിരുന്ന അമ്മയുടെ മുഖം ഇന്നും എന്റെ കണ്ണിലുണ്ട്. ഇനി എങ്ങോട്ടും ഒളിച്ചു പോകേണ്ടെന്നു പറഞ്ഞ് അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
എന്റെ അമ്മ എന്നെ വിട്ടു പോയിട്ട് 33 വര്‍ഷം കഴിഞ്ഞു. പക്ഷേ, ഇന്നും ഞാന്‍ ആ തലോടല്‍ അനുഭവിച്ച് അറിയുന്നുണ്ട്. അമ്മയുടെ കല്ലറയില്‍ മെഴുകുതിരി കത്തിച്ചുവയ്ക്കുമ്പോള്‍ അന്ന് ഞാന്‍ അമ്മയെ ഇട്ടിട്ടുപോയല്ലോയെന്ന നൊമ്പരം എന്നെ തളര്‍ത്തിക്കളയുകയാണ്.'- കഴിഞ്ഞ 33 വര്‍ഷമായി ഒരു ദിവസം പോലും മുടക്കാതെ അമ്മ റോസക്കുട്ടി അലക്സാണ്ടറുടെ കുഴിമാടത്തില്‍ മെഴുകുതിരി കത്തിച്ചുവയ്ക്കാറുള്ള മകന് ലെസ്ലിയുടെ വാക്കുകളാണിത്. ആ മാതൃ സ്നേഹത്തിന്റെ കഥ വായിക്കാം...
അമ്മയായിരുന്നു ലോകം
ഭര്‍ത്താവ് മരിക്കുമ്പോള്‍ എറണാകുളം നെല്ക്കുന്നശേരി റോസക്കുട്ടി അലക്സാണ്ടറിന് 28 വയസ് മാത്രമായിരുന്നു. പറക്കമുറ്റാത്ത മൂന്നു പെണ്മക്കളും രണ്ട് ആണ്മക്കളുമായി അവര്‍ ആദ്യം ജീവിതത്തിനു മുന്നില്‍ പകച്ചു നിന്നെങ്കിലും തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. അന്ന് ലെസ്ലിക്ക് നാലു വയസും ഇളയ മകള്‍ക്ക് നാലു മാസവും മാത്രമായിരുന്നു പ്രായം.
റോസക്കുട്ടിയുടെ കഠിന പ്രയത്നത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മുന്നില്‍ മക്കള്‍ അല്ലലില്ലാതെ വളര്‍ന്നു. സ്വന്തമായുണ്ടായിരുന്ന 80 സെന്റ് സ്ഥലത്തെ തേങ്ങയില്‍നിന്നുള്ള വരുമാനവും ഫിനാന്‍സ് കമ്പനിയുടെ വിഹിതവുമൊക്കെ കൊണ്ട് മക്കളുടെ ജീവിതം ആ അമ്മ ഭദ്രമാക്കി.
അഞ്ചുമക്കളില്‍ അമ്മയ്ക്ക് അല്പം സ്നേഹക്കൂടുതല് ലെസ്ലിയോടായിരുന്നു. പക്ഷേ ആ സ്നേഹം ആദ്യം താന്‍ തിരിച്ചറിയാതെ പോയി എന്നാണ് ലെസ്ലി പറയുന്നത്. അതിനുള്ള പ്രായശ്ചിത്തമാണ് ഈ മെഴുകുതിരി നാളത്തിലൂടെ ജ്വലിക്കുന്നതെന്ന് 80കാരനായ മകന് പറയുന്നു.
പഠനത്തോടുള്ള താല്പര്യക്കുറവു മൂലം മൂന്നുതവണ വീടു വിട്ടു പോയെങ്കിലും അമ്മ പ്രാര്‍ഥനകളുമായി മകന്റെ വരവിനായി കാത്തിരുന്നു. തിരിച്ചെത്തിയെ ലെസ്ലിയോട് പഠിക്കാന്‍ മടിയാണെങ്കില്‍ ജിംനേഷ്യം ഇട്ടുതരാമെന്നു പറഞ്ഞതും അമ്മ റോസക്കുട്ടി തന്നെയായിരുന്നു. അമ്മയുടെ വിയര്‍പ്പിന്റെ ഫലമാണ് താന്‍ അനുഭവിച്ച സൗഭാഗ്യമെന്നാണ് ഈ മകന് പറയുന്നത്.
എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ലെസ്ലിക്ക് ജിംനേഷ്യം തുടങ്ങാനുള്ള പണം നല്കിയതും അമ്മയായിരുന്നു. പവര്‍ ഹൗസ് റോഡില്‍ 40 വര്‍ഷത്തോളം ആര്‍കെ ജിം എന്ന പേരില്‍ ആ ജിംനേഷ്യം നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. റോസക്കുട്ടി എന്ന പേരിന്റെ ചുരുക്കെഴുത്താണ് ആര്‍കെ.
എന്നും ജ്വലിക്കുന്ന ദീപനാളം
1991 ഡിസംബര്‍ 28നായിരുന്നു റോസക്കുട്ടി മരിച്ചത്. എറണാകുളം സെമിത്തേരിമുക്കിലെ അഞ്ച് സെമിത്തേരികളില്‍ ഒന്നായ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ പള്ളിയുടെ രണ്ടാമത്തെ സെമിത്തേരിയില്‍ എന്നും രാവിലെ അഞ്ചോടെ മകന് ലെസ്ലി എത്തും.
കഴിഞ്ഞ 33 വര്‍ഷമായി ലെസ്ലിയുടെ ദിവസം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ആദ്യം ചാപ്പലില്‍നിന്ന് കുഴിമാടത്തിലേക്കുള്ള നടപ്പാത അടിച്ചു വൃത്തിയാക്കും. അവിടെനിന്ന് മുട്ടിലിഴഞ്ഞാണ് കുഴിമാടത്തില്‍ എത്തുക. തുടര്‍ന്ന് കല്ലറയുടെ പുറകില്‍ സ്ഥാപിച്ചിട്ടുള്ള സ്റ്റൂളില്‍ കയറിനിന്ന് പത്തടിയിലേറെ ഉയരമുള്ള ഒറ്റ മെഴുകുതിരിക്കു മുകളില്‍ പുതിയതൊന്നു കത്തിച്ചുവച്ചു പ്രാര്‍ഥിക്കും. അമ്മയ്ക്കായി നിര്‍മിച്ച കല്ലറയില്‍ "ഈ കുഴി അമ്മയ്ക്കു മാത്രം' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
വൃത്തിയുടെ കാര്യത്തില്‍ അമ്മ കര്‍ക്കശക്കാരിയായിരുന്നു. മുമ്പ് സ്വന്തമായുണ്ടായിരുന്ന 80 സെന്റ് സ്ഥലം അമ്മ അടിച്ചു വൃത്തിയാക്കിയിടുമായിരുന്നു. ഈ ഓര്‍മയിലാണ് അമ്മ ഉറങ്ങുന്നയിടം താന്‍ എന്നും വൃത്തിയാക്കുന്നതെന്ന് ലെസ്ലി പറഞ്ഞു. മുമ്പൊരിക്കല്‍ വേളാങ്കണ്ണിയില്‍ പോയപ്പോള്‍ മാതാവിനു മുന്നില്‍ മുട്ടിലില്‍ ഇഴഞ്ഞ് നേര്‍ച്ച ചെയ്തു.
ആ മാതാവ് തന്നെയാണല്ലോ ഇവിടെയും ഉള്ളതെന്ന ബോധ്യത്തിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി എന്നും രാവിലെ ചാപ്പലില്‍നിന്ന് മുട്ടില്‍ ഇഴഞ്ഞ് കുഴിമാടത്തിലേക്ക് എത്തുന്നതെന്ന് ഈ മകന് പറയുന്നു. ദിവസവും ഏഴു മെഴുകുതിരികളാണ് കത്തിച്ചുവയ്ക്കാറുള്ളത്.
ചില സന്ദര്‍ഭങ്ങളില്‍ രണ്ടു നേരവും ലെസ്ലി കുഴിമാടത്തിലെത്തും. വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ തനിക്ക് വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് ലെസ്ലി പറഞ്ഞു. റബേക്കയാണ് ലെസ്ലിയുടെ ഭാര്യ. മക്കളായ രശ്മിയും രേഖയും വിവാഹിതരാണ്.