"വയ്യ...നാടെ' ഈ കാഴ്ച കാണാന്‍; മരണത്തിന്റെ ഗന്ധമുള്ള മണ്ണില്‍ രക്ഷാകരം തിരച്ചില്‍ തുടരുകയാണ്...
Wednesday, July 31, 2024 3:38 PM IST
കഴിഞ്ഞദിവസം വരെ അവിടെ ഒരു ഗ്രാമമുണ്ടായിരുന്നു... കുറേ നല്ല മനുഷ്യര്‍ പരസ്പരം സ്നേഹിച്ചും സഹായിച്ചും ആ നാടിനെ തനതാക്കിയിരുന്നു. എന്നാലിന്നത് ദുരന്തഭൂമിയാണ്. തളരാതെ പെയ്ത മഴയെത്തുടര്‍ന്ന് ഒരൊറ്റ രാത്രിയില്‍ കുത്തിയൊലിച്ചെത്തിയ വെള്ളം അവിടെയുണ്ടായിരുന്ന സകലതിനെയും തുടച്ചുനീക്കിയിരിക്കുന്നു.
ഹരിത ഭാവത്താല്‍ നമ്മെ കൊതിപ്പിച്ച വയനാട് ഇപ്പോള്‍ ദുഃഖഭൂമിയാണ്. ചൊവ്വാഴ്ച രാത്രി ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ ആ നാടിനെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നാമാവശേഷമായി മാറിയിരിക്കുന്നു.
നിലവിലെ വിവരമനുസരിച്ച് 199 ജീവനുകളാണ് ഈ മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയുമാണ്. ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിനിന്നും ഇനി കണ്ടെത്താനുള്ളത് 225 പേരെയെന്ന് സര്‍ക്കാര്‍ കണക്കുകള്‍.
മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് 540 വീടുകളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. ഇപ്പോള്‍ 30ല്‍ താഴെ വീടുകള്‍ മാത്രമാണിനി ബാക്കി. ആറോളം ലയങ്ങളും പൂര്‍ണമായി ഇല്ലാതായി.
സൈന്യത്തിനൊപ്പം ടൊറിറ്റോറിയല്‍ ആര്‍മിയും എന്‍ഡിആര്‍എഫും അഗ്നിശമന സേനയും ആരോഗ്യപ്രവര്‍ത്തകരും പോലീസും നാട്ടുകാരും തിരച്ചിലിനായി ഇവിടെയെത്തി. മോശം കാലാവസ്ഥയെ തുടര്‍ന്ന് പലവട്ടം തിരച്ചില്‍ നിര്‍ത്തേണ്ടി വന്നു.
രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ കണ്ടത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചകളാണ്. പൂര്‍ണമായി തകര്‍ന്നടിഞ്ഞ വീടുകള്‍, വാഹനങ്ങള്‍, മണ്ണിനടിയില്‍ പുതഞ്ഞുകിടക്കുന്ന മൃതശരീരങ്ങളും. ഉരുള്‍പൊട്ടലില്‍ അകപ്പെട്ട പാറക്കൂട്ടങ്ങളില്‍ ഇടിച്ചും കുത്തിയും ഛിന്നഭിന്നമാക്കപ്പെട്ട മൃതദേഹങ്ങളേറെ. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുന്നത് ചിലപ്പോള്‍ മുഖം മാത്രമാകാം. അതല്ലെങ്കില്‍ കൈകാലുകള്‍.
മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രിയിലുമായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ആംബുലന്‍സുകള്‍ ആശുപത്രിയിലേക്കു കുതിച്ചെത്തുമ്പോള്‍ തങ്ങളുടെ ഉറ്റവര്‍ അതിലുണ്ടോ എന്നറിയാന്‍ അങ്കലാപ്പോടെ പാഞ്ഞെത്തുന്ന ആളുകള്‍ മറ്റൊരിടത്ത്. പാതി തിരിച്ചറിയുമ്പോള്‍ അവരാകരുതെന്ന പ്രാര്‍ഥനകള്‍. ഉള്ളിലെവിടെയൊ കുരുങ്ങിയ നിലവിളിയുടെ നിസഹായതയും.
വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജില്ലയില്‍ 1,726 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഏഴായിരത്തിലധികം പേരാണ് ഈ ക്യാമ്പുകളിലുള്ളത്. അവരോട് എത്ര ആശ്വാസത്തിന്റെ വാക്കുകള്‍ പറഞ്ഞാലും അത് ആശ്വാസമാകില്ല. പകരം അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും അവര്‍ക്ക് കൈത്താങ്ങാകുവാനുമാണ് നമുക്ക് കഴിയേണ്ടത്.
നിലവിൽ ചെളിയും പാറക്കല്ലുകളും കടപുഴകിയ മരങ്ങള്‍ക്കുമിടയില്‍ മനുഷ്യരും മൃഗങ്ങളും തങ്ങളുടെ പ്രിയപ്പെട്ട മനുഷ്യരെ തിരയുകയാണ്. ഒട്ടനവധി പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച നാം ഇതും കടന്ന് മുന്നോട്ട് പോകും. എന്നാലും കുറേ ഹൃദയങ്ങളില്‍ മുറിപ്പാടായി ഈ ദുരന്തം അവശേഷിക്കും...