വിവിധ ഭാഷകളിലുള്ള 30തിലധികം രാമായണങ്ങളുമായി ക്ഷേത്രനഗരിയിൽ ഒരു പുസ്തകശാല
Friday, July 26, 2024 10:23 AM IST
കർക്കിടക മാസം മനസും ശരീരവും സ്ഫുടം ചെയ്ത് ആത്മശാന്തിക്കായി ഭവനങ്ങളിൽ രാമായണ പാരായണം നടത്തുന്നവർക്കു നൽകാൻ മലയാളം, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലുള്ള രാമായണത്തിന്റെ വിപുലമായ ശേഖരവുമായി വൈക്കം ക്ഷേത്രനഗരിയിൽ ഒരു പുസ്തകശാല.
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിലെ മലയാള രാജ്യമെന്ന പുസ്തകശാലയിൽ വിവിധ ഭാഷകളിലുള്ള 30തിലധികം രാമായണങ്ങളാണുള്ളത്. ഓരോ ദിവസത്തെയും പാരായണക്രമമുള്ള രാമായണത്തിന് ഇപ്പോൾ ആവശ്യക്കാരേറെയാണ്.
കാഴ്ചപരിമിതിയുള്ളവർക്ക് ആയാസം കൂടാതെ വായിക്കാൻ വലിയ അക്ഷരത്തിലുള്ള രാമായണവും ഇവിടെ ലഭ്യമാണ്. ഇപ്പോൾ പുസ്തകശാല നടത്തുന്ന എൻ. മനോജ് കുമാറിന്റെ മുത്തച്ഛൻ ഗോപാല കമ്മത്താണ് 75 വർഷം മുമ്പ് പുസ്തകശാല തുടങ്ങിയത്. അന്നു മുതൽ ഇവിടെ രാമായണം വില്പനയ്ക്കുണ്ട്.
മുത്തച്ഛന്റെ മരണശേഷം കടയേറ്റെടുത്ത മനോജിന്റെ പിതാവ് നരസിംഹ കമ്മത്തും രാമായണത്തെ ചേർത്തുപിടിച്ചു. പുസ്തകം വിറ്റു ലഭിക്കുന്ന ലാഭത്തെക്കാളുപരി ഒരു സംസ്കൃതി നിലനിർത്താനുള്ള തന്റെ ശ്രമമാണ് വിവിധ ഭാഷകളിലെ രാമായണ ശേഖരണത്തിനു പിന്നിലെന്ന് എൻ. മനോജ് കുമാർ പറയുന്നു.