ഒടുവിൽ ഭാഗ്യം തുണച്ചു; ഖനി തൊഴിലാളിക്കു ലഭിച്ചത് 80 ലക്ഷത്തിന്റെ വജ്രം
Thursday, July 25, 2024 12:37 PM IST
ചെറുകിട ഖനികൾ പാട്ടത്തിനെടുത്തു ഖനനം നടത്തുന്ന തൊഴിലാളിയെ ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു. ഇന്നലെയായിരുന്നു ആ ഭാഗ്യദിനം. ഏകദേശം 80 ലക്ഷം രൂപയിലേറെ വിലവരുന്ന 19.22 കാരറ്റ് വജ്രമാണ് രാജു ഗൗഡ് എന്ന സാധാരണക്കാരനു ലഭിച്ചത്.
കഴിഞ്ഞ പത്തുവർഷമായി ചെറുഖനികൾ പാട്ടത്തിനെടുത്തു ഖനനം നടത്തുകയാണ് രാജു. കൃഷ്ണ കല്യാൺപൂരിലെ പാട്ടത്തിനെടുത്ത ഖനിയിൽനിന്നാണ് വജ്രം ലഭിച്ചത്. രണ്ടു മാസം മുമ്പാണ് രാജു ഖനി പാട്ടത്തിനെടുത്ത്.
പലപ്പോഴും നഷ്ടത്തിൽ കലാശിച്ചിരുന്ന തൊഴിലിൽനിന്ന് അപ്രതീക്ഷിതമായി ലക്ഷങ്ങൾ സന്പാദിക്കാൻ കഴിഞ്ഞ ആഹ്ലാദത്തിലാണ് രാജുവും കുടുംബവും. എന്നെങ്കിലും ഭാഗ്യം തന്നെ തുണയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നതായി രാജു പറയുന്നു.
വജ്രം വിറ്റുകിട്ടുന്ന പണം മക്കളുടെ വിദ്യാഭ്യാസത്തിനും കൃഷിഭൂമി വാങ്ങാനും ഉപയോഗിക്കുമെന്ന് രാജു പറഞ്ഞു. രാജു നേരത്തെ ട്രാക്ടർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ഗുണമേന്മയുള്ള വജ്രം ലേലത്തിൽ വിൽക്കുമെന്ന് മധ്യപ്രദേശിലെ പന്ന ഡയമണ്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
സർക്കാർ റോയൽറ്റിയും നികുതിയും കിഴിച്ചുള്ള പണം രാജുവിനു നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പന്ന ജില്ലയിൽ വൻ രത്നശേഖരമുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.