ആപ്പ് അല്പനേരം കോടീശ്വരനാക്കി; പിന്നെ ദീര്‍ഘകാലം ദുഃഖിതനും
Thursday, July 25, 2024 12:05 PM IST
ലോട്ടറിയടിക്കുക കോടീശ്വരനാവുക പിന്നെ സുഖമായി കഴിയുക ഇതൊക്കെ ശരാശരി ആളുകള്‍ വിചാരിക്കുന്ന ഒന്നാണല്ലൊ. അതിപ്പോള്‍ അമേരിക്കയിലായാലും കൊയിലാണ്ടിയിലായാലും അങ്ങനെ തന്നെ. എന്നാല്‍ എല്ലാവരും അത്തരത്തില്‍ ആഗ്രഹമുള്ളവരല്ല കേട്ടോ.
ഒരാളെ ഭാഗ്യം മാടിവിളിച്ചിട്ട് മൈന്‍ഡ് ചെയ്യാഞ്ഞ ഒരു സംഭവം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ ചര്‍ച്ചയാകുന്നു. സംഗതി അങ്ങ് ബ്രിട്ടനിലാണ്. ഇവിടെ മാര്‍ക്ക് ഫ്ലെച്ചര്‍ എന്നയാളാണ് ഈ വിധിക്ക് അര്‍ഹനായത്.
ആഗോള ലോട്ടറി ഓപ്പറേറ്ററായ ആള്‍വിന്‍ നടത്തിയ നറുക്കെടുപ്പില്‍ ഇദ്ദേഹത്തിന്റെ കൈയിലെ എല്ലാ നമ്പരും ശരിയായി വന്നു. ഇതോടെ ഇദ്ദേഹം കമ്പനിക്കാരെ വിളിച്ചു. അവര്‍ സംഗതി പരിശോധിച്ചശേഷം 45 മിനിറ്റിനകം തിരികെ വിളിച്ചു. ശേഷം ഇപ്രകാരം പറഞ്ഞു "താങ്കളല്ല ആ വിജയി'.
അതിന്റെ കാരണമാണ് രസം. അദ്ദേഹം ആ നമ്പര്‍ അന്നേയ്ക്ക് എടുത്തിട്ടില്ല. ആപ്പില്‍ തെറ്റായി വന്നതാണത്രെ. കളിക്കാര്‍ക്ക് നറുക്കെടുപ്പുകളില്‍ നിന്ന് പരിശോധിക്കാന്‍ ആപ്പില്‍ നിന്നും കുറച്ച് നമ്പര്‍ ശേഖരിച്ചുവയ്ക്കാന്‍ കഴിയും. എന്നാല്‍ പണം കൊടുത്തുവാങ്ങിയാല് മാത്രമാണ് അത് സ്വന്തമാക്കുവാന്‍ കഴിയുക. പക്ഷെ താന്‍ ആ നമ്പര്‍ വാങ്ങിയൊ ഇല്ലയൊ എന്ന ആശയക്കഴപ്പത്തിലാണ് മാര്‍ക്ക്.
താങ്കള്‍ നമ്പര്‍ എടുക്കാതെ എങ്ങനെ വിജയിക്കുമെന്ന് ജീവനക്കാരി ചോദിച്ചത് തന്നെ മുറിപ്പെടുത്തി എന്ന് മാര്‍ക്ക് പറഞ്ഞു. ഭാഗ്യം വന്നുപോയ ദുഃഖത്തിലാണ് മാര്ക്കിപ്പോള്...