"സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകും'; സിഎ നേടിയ ചായ വില്പനക്കാരന്റെ മകള്‍
Monday, July 22, 2024 11:07 AM IST
വലിയ സ്വപ്നത്തിലേയ്ക്ക് സഞ്ചരിക്കുമ്പോള്‍ പ്രതിസന്ധികള്‍ നിരവധി ആയിരിക്കുമല്ലൊ. അത് ചിലപ്പോള്‍ ആളുകളുടെ വാക്കുകളില്‍ നിന്നാകാം. അതല്ലെങ്കില്‍ സാഹചര്യങ്ങളില്‍ നിന്നാകാം. എന്നാല്‍ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കണമെന്ന് ദൃഢനിശ്ചയം ഉള്ളവര്‍ക്ക് ഒന്നും ഒരു തടസമല്ല. അവര്‍ മുന്നേറും ഒരു നാള് വിജയത്തിന്റെ പതാകയുമായി അഭിമാനത്തോടെ ലോകത്തിന് മുന്നില്‍ നില്ക്കും.
അങ്ങനെ ഒരു ദശാബ്ദം മുഴുവന്‍ പ്രതിസന്ധികളെ നേരിട്ട് ഒടുവില്‍ വിജയതീരത്തെത്തിയ ഒരു യുവതിയുടെ കഥയാണിത്. അമിതാ പ്രജാപതി എന്നാണ് ഈ യുവതിയുടെ പേര്. ഇവര്‍ ഡല്‍ഹി സ്വദേശിനിയാണ്. തീരെ പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമാണ് അമിതാ.
പിതാവ് ഒരു ചായക്കട നടത്തുകയാണ്. ചേരിയിലാണ് ഇവരുടെ താമസം. പഠനത്തില്‍ ശരാശാരി നിലവാരമായിരുന്നു അമിതാ സ്കൂള്‍ സമയങ്ങളില്‍ പുലര്‍ത്തിയിരുന്നത്. എന്നാല്‍ തനിക്ക് ചാറ്റേര്‍ഡ് അക്കൗണ്ടന്റ് ആകണമെന്ന് അവള് ആഗ്രഹിച്ചു. ഒടുവില്‍ അതിനായി ചേരുകയും ചെയ്തു.
പക്ഷെ ഈ കോഴ്സിനായി അത്യാവശ്യം പണം ആവശ്യമായിരുന്നു. അമിതായുടെ മാതാപിതാക്കള്‍ വളരെ കഷ്ടപ്പെട്ട് തന്നെ അവള്‍ക്കുള്ള ഫീസൊക്കെ കണ്ടെത്തി. എന്നാല്‍ അമിതായ്ക്ക് ഈ കോഴ്സില്‍ വിജയം കാണാന്‍ ആദ്യം കഴിഞ്ഞില്ല.
അവള് പലവട്ടം അതില്‍ പരാജയപ്പെട്ടെപ്പോള് നാട്ടുകാരും ബന്ധുക്കളും പ്രജാപതിയേയും ഭാര്യയേയും ഉപദേശിച്ചു. അമിതായെ പഠിപ്പിച്ച കാശ് ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്കൊരു വീട് വാങ്ങാമായിരുന്നെന്ന് കുറ്റപ്പെടുത്തി. എന്നാല്‍ അമിതായുടെ മാതാപിതാക്കള്‍ മകളെ കുറ്റപ്പെടുത്താന്‍ തയാറായില്ല. അവര്‍ മകളുടെ ആഗ്രഹത്തിനൊപ്പം നിന്ന്.
ഒടുവില്‍ 10 -ാം തവണ അമിതായ്ക്ക് സിഎ വിജയിക്കാന്‍ കഴിഞ്ഞു. താനത് നേടി എന്ന് പറഞ്ഞ് അവള് പിതാവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ കാഴ്ച എത്രയെത്ര പേരില്‍ പ്രതീക്ഷയുടെ വെളിച്ചമായി മാറിയിരിക്കുന്നു.
"ഞാന്‍ ഈ നിമിഷത്തിനായി വളരെക്കാലം കാത്തിരുന്നു. ആദ്യമായി, ഞാന്‍ എന്റെ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ഇതാണ് സമാധാനം' എന്നാണവള്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. ഒട്ടനവധിപേര്‍ അമിതായെ അഭിനന്ദിച്ച് കമന്റുകള്‍ ഇടുന്നു... അതേ പരിശ്രമം സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കും...