പൊതു ഇടങ്ങളിലെ പുകവലി നിരോധനത്തിന് കാല് നൂറ്റാണ്ട്
സീമ മോഹന്‍ലാല്‍
Thursday, July 11, 2024 3:25 PM IST
"ഞാന്‍ കോട്ടയം ബിസിഎം കോളജില്‍ പഠിപ്പിച്ചിരുന്ന സമയത്ത് എറണാകുളത്തുനിന്ന് കോട്ടയത്തേക്കും തിരിച്ചുമുള്ള യാത്രകളില്‍ ട്രെയിനില്‍ യാതൊരു മാന്യതയുമില്ലാതെയായിരുന്നു ആളുകള്‍ പുകച്ചുരുള്‍ ഊതിവിട്ടിരുന്നത്. കമ്പാര്‍ട്ടുമെന്റുകളിലെ ഈ പുകവലിക്കാര്‍ക്കെതിരേ പ്രതികരിച്ചപ്പോള്‍ എവിടെനിന്നു പുകവലിക്കണം എന്നുള്ളത് ഞങ്ങളുടെ അവകാശമാണെന്നായിരുന്നു പ്രതികരണം.
ശുദ്ധവായു ശ്വസിക്കാന്‍ നമുക്കും അവകാശമില്ലേയെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. അങ്ങനെയാണ് പൊതു ഇടങ്ങളിലെ പുകവലിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചതും. 25 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വിധി ഇന്നും സന്തോഷം നല്‍കുന്നതാണ്.
വിധി വന്നതിനുശേഷം നിരവധിപ്പേര്‍ എന്നെ വിളിച്ചു. മറ്റുള്ളവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് അറിയില്ലായിരുന്നു. ഞങ്ങള്‍ പുകവലി നിര്‍ത്തുന്നുവെന്നും പറഞ്ഞു.'- പൊതു സ്ഥലങ്ങളിലെ പുകവലി നിരോധനത്തിന് കാല് നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഈ വിധി നേടിയെടുത്ത വനിതാ കമ്മീഷന് മുന്‍ അംഗം പ്രഫ. മോനമ്മ കോക്കാടിന്റെ വാക്കുകളാണിത്.
വിധി വന്ന ശേഷം ബസ്, ട്രെയിന്‍, സിനിമാ തിയറ്റര്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെ പുകവലി 95 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. എന്നാലും ചിലയിടങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ഇന്നും പുകവലിക്കാര്‍ ഉണ്ട്. പോലീസ് ശക്തമായ നടപടിയെടുത്താല്‍ ഇവരെയും പുറത്താക്കാമെന്നാണ് പ്രഫ. മോനമ്മ കോക്കാടിന്റെ അഭിപ്രായം.
ചരിത്ര വിധി
പൊതുസ്ഥലങ്ങളിലെ പുകവലി നിയമവിരുദ്ധമാണെന്ന ഹൈക്കോടതിയുടെ ചരിത്ര വിധി 1999 ജൂലൈ 12നായിരുന്നു. കോഴിക്കോട് സ്വദേശി കെ. രാമകൃഷ്ണനെ സഹഹര്ജിക്കാരനാക്കി പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം ആവശ്യപ്പെട്ട് പ്രഫ. മോനമ്മ 1998ലാണ് ഹര്‍ജി നല്‍കിയത്.
അതിനു മുന്നേ ലയണ്‍സ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെയും ചാവറ കള്‍ച്ചര്‍ സെന്റര്‍ സെക്രട്ടറിയായിരുന്ന ടി.എ. വര്‍ക്കിയുടെയും നേതൃത്വത്തില്‍ പൊതുസ്ഥലത്തെ പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ സര്‍വേ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കി.
1999 ജൂലായ് 12നായിരുന്നു ചീഫ് ജസ്റ്റിസായിരുന്ന എ.ആര്. ലക്ഷ്മണ്, ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പൊതുസ്ഥലത്ത് പുകവലി നിരോധിച്ച് ചരിത്ര വിധി പുറപ്പെടുവിച്ചത്. പൊതുഇടങ്ങളില്‍ പുകവലിക്കുന്നതു പൗരന്റെ ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇതു കുറ്റകരമാണെന്നു കലക്ടര്‍മാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും വിധിച്ചു. കേരളത്തിനു പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ വിധി നടപ്പാക്കി.