അധ്യാപനത്തിലും കൃഷിയിലും അനിറ്റിന്റെ വിജയഗാഥ
ടി.പി. സന്തോഷ്കുമാർ
Monday, July 8, 2024 11:51 AM IST
അറിവിന്റെ മുത്തുകൾ വിദ്യാർഥികൾക്ക് പകർന്നുകൊടുക്കുന്ന തൊടുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ അധ്യാപിക അനിറ്റ് തോമസിന് കൃഷിയെന്നാൽ ജീവനും ജീവിതവും. അധ്യാപനത്തോടൊപ്പം കൃഷിയിടത്തിൽ പഴവർഗ കൃഷിയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ഈ അധ്യാപിക. ബിരുദ പഠനത്തിൽ ബോട്ടണിയായിരുന്നു അനിറ്റ് തോമസിന്റെ വിഷയം. ഇതു തെരഞ്ഞെടുക്കാനുള്ള കാരണം തന്നെ കൃഷിയോടുള്ള ഇഷ്ടമായിരുന്നു.
പഠനത്തിനുശേഷം വീട്ടമ്മയും അധ്യാപികയും ആയപ്പോഴും കൃഷിയോടുള്ള ഇഷ്ടം അൽപ്പംപോലും കുറഞ്ഞില്ല. ഇതാണ് അനിറ്റിനെ മികച്ച പഴവർഗ കർഷകയും സംരംഭകയുമാക്കി മാറ്റിയത്. കൂടാതെ ലൈവ് കേരള എന്ന പേരിലുള്ള യുട്യൂബ് ചാനലിലും അനിറ്റ് തോമസ് എന്ന ഫേസ്ബുക്ക് പേജിലുമായി പഴവർഗ കൃഷിയുടെ അനന്ത സാധ്യതകൾ മറ്റുള്ളവർക്ക് പകർന്നുനൽകുകയും ചെയ്യുന്നു.
കുമാരമംഗലം വടക്കേപറന്പിൽ ഡെന്നി ജേക്കബിന്റെ ഭാര്യയാണ് അനിറ്റ്. ഭർത്താവിന്റെ പിതാവ് വർക്കി ജേക്കബിന് റബറായിരുന്നു പ്രധാന കൃഷി. പിന്നീട് കൃഷി ലാഭകരമല്ലാതായതോടെ കുറെ ഭാഗത്ത് റബർ വെട്ടിക്കളഞ്ഞ് അനിറ്റ് പച്ചക്കറി കൃഷിയാരംഭിച്ചു. എന്നാൽ പഴവർഗ കൃഷിയുടെ വിപുലമായ വിപണന സാധ്യതകൾ കണ്ടറിഞ്ഞതോടെ പച്ചക്കറി കൃഷിയിൽനിന്നു പഴവർഗ കൃഷിയിലേക്ക് ചുവടുമാറ്റുകയായിരുന്നു.
അഞ്ചുവർഷം മുന്പാണ് അനിറ്റ് പഴവർഗ കൃഷിയിലേക്ക് കടന്നത്. ഡ്രാഗണ് ഫ്രൂട്ടാണ് ആദ്യം കൃഷി ചെയ്യാനാരംഭിച്ചത്. പോഷകസമൃദ്ധവും കാണാനുള്ള കൗതുകവും എല്ലാം ഈ കൃഷിയിലേക്ക് കൂടുതൽ അടുപ്പിച്ചു. തരിശായിക്കിടന്ന നീർവാർച്ചയുള്ള 30 സെന്റ് സ്ഥലം വെട്ടിത്തെളിച്ച് കോണ്ക്രീറ്റ് കാലുകൾ നാട്ടി നല്ലയിനം 800 ഓളം ചെടികൾ ഫാമുകളിൽനിന്നു വാങ്ങിയാണ് കൃഷിയാരംഭിച്ചത്.
വെള്ള, ചുവപ്പ്, മഞ്ഞ ഇനങ്ങളിലുള്ള പഴങ്ങൾ ഉണ്ടാകുന്ന ചെടികളുണ്ടെങ്കിലും ചുവപ്പാണ് കൃഷിക്ക് തെരഞ്ഞെടുത്തത്. ജോലി കഴിഞ്ഞുള്ള ഇടവേളകളിൽ പ്രഭാതത്തിലും വൈകുന്നേരങ്ങളിലും കൃഷിയുടെ പരിപാലനത്തിലായിരുന്നു ശ്രദ്ധ.
അധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിഫലം മുടക്കുമുതലിന്റെ പതിൻമടങ്ങായി തിരിച്ചുകിട്ടിയപ്പോൾ ലഭിച്ച ആത്മസംതൃപ്തി ഒന്നുവേറെ തന്നെയാണെന്ന് അനിറ്റ് പറയുന്നു.
ഇപ്പോൾ ഒരേക്കറോളം സ്ഥലത്ത് ഡ്രാഗണ് ഫ്രൂട്ട് കൃഷിയുണ്ട്. 1,600ഓളം ചെടികളാണ് നിലവിലുള്ളത്. ഇതിനുപുറമേ വിദേശ ഇനങ്ങളായ അബിയു, ഗാക്ക് ഫ്രൂട്ട്, ഡുക്കു എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ചെറിയ തോതിൽ റംബൂട്ടാൻ കൃഷിയുണ്ടെങ്കിലും ഇതിനു വിപണിയിൽ ആവശ്യക്കാരേറെയായതിനാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി വിപുലീകരിക്കാനുള്ള ആലോചനയിലാണ് അനിറ്റ്.
പഴങ്ങൾ ചില്ലറയായും മൊത്തമായും വിൽപ്പന നടത്തന്നുണ്ട്. വിവിധ മേഖലകളിൽനിന്നുള്ള മൊത്തക്കച്ചവടക്കാർ വീട്ടിലെത്തിയാണ് പഴങ്ങൾ ശേഖരിക്കുന്നത്. ഇവയുടെ വിൽപ്പനയ്ക്കു പുറമേ തൈകളും വിത്തുകളും വിൽപ്പന നടത്തിയും അധിക വരുമാനം നേടുന്നുണ്ട്. വിദേശത്തേക്ക് വിത്തുകളും തൈകളും കയറ്റി അയയ്ക്കുന്നുണ്ട്.
കുമാരമംഗലം പഞ്ചായത്ത് മികച്ച വനിതാ കർഷകയായി തെരഞ്ഞെടുത്തിരുന്നു. പഴ വർഗ കൃഷിയുടെ വിപണന സാധ്യതകൾ കൂടാതെ കൃഷി ചെയ്യാനുദ്ദേശിക്കുന്നവർക്ക് മാർഗനിർദേശങ്ങളും അനിറ്റിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ലഭിക്കും.ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തു പ്രവർത്തിക്കുന്ന സഹോദരൻ ബോബിറ്റ് തോമസാണ് സോഷ്യൽ മീഡിയയിൽ അനിറ്റിന് ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകുന്നത്.
പഴവർഗ കൃഷിക്ക് വീട്ടിൽനിന്ന് അകമഴിഞ്ഞ പിന്തുണയാണ് ഈ അധ്യാപികയ്ക്ക് ലഭിക്കുന്നത്. ഗ്രാഫിക് ഡിസൈനറാണ് ഭർത്താവ് ഡെന്നി. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിനായി തയാറെടുക്കുന്ന അലൻ, പത്താം ക്ലാസ് വിദ്യാർഥി മിലൻ എന്നിവരാണ് മക്കൾ.