ഒരുദിവസത്തെ പോലീസ് ഓഫീസറായി സത്യപ്രതിജ്ഞ ചെയ്ത കുട്ടി; കാര്യം സങ്കടപ്പെടുത്തും
Tuesday, April 30, 2024 3:25 PM IST
കുട്ടികള്‍ നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവരാണ്. അവരുടെ നിഷ്കളങ്കതയും ചെറിയ പിണക്കങ്ങളും വാശിയുമൊക്കെ ഹൃദയമുള്ള ആരും ആസ്വദിക്കും. എന്നാല്‍ അവര്‍ക്കെന്തെങ്കിലും അസുഖം സംഭവിച്ചാല്‍ അത് നമ്മളെ ദുഃഖിതരാക്കും.
ഇത്തരം കുട്ടികളുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ലോകത്തിലെ പല സംഘടനകളും ശ്രമിക്കാറുണ്ട്. അത്തരത്തിലെ ചില ആഗ്രഹ സഫലീകരണങ്ങള് സമൂഹ മാധ്യമങ്ങളിലും എത്താറുണ്ട്. അത്തരമൊന്നിന്റെ കാര്യമാണിത്.
അടുത്തിടെ അമേരിക്കയിലെ ഒര്‍ലാന്‍ഡോയില്‍ ഒരു നാലുവയസുകാരന് ഒറ്റ ദിവസത്തേക്ക് പോലീസ് ഓഫീസറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സ്റ്റോണ്‍ ഹിക്സ് എന്നുപേരുള്ള കുട്ടിയാണ് ഈ മാസം 24ന് പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കുകയും അവന് നല്കിയ രണ്ട് കേസുകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തത്.
ഗുരുതരമായ വൃക്കരോഗമുള്ള ആളാണ് ഈ കുട്ടി. രോഗാവസ്ഥയുടെ അവസാനഘട്ടത്തിലും അതിനോട് പൊരുതുകയാണവന്‍. ഒരു പോലീസുകാരനാവണം എന്ന അവന്റെ ആഗ്രഹം ഒര്‍ലാന്‍ഡോ പോലീസും മേക്ക്-എ-വിഷ് ഫൗണ്ടേഷനും ചേര്‍ന്ന് നടപ്പാക്കുകയായിരുന്നു.
എക്സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം അന്നേ ദിവസം സ്റ്റോണ്‍ യൂണിഫോം ധാരിയായി സ്റ്റേഷനില്‍ എത്തുന്നു. ഒര്‍ലാന്‍ഡോ പോലീസ് ചീഫ് സ്മിത്ത് സ്റ്റോണിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. അവനായി ചെറിയ കാറും മറ്റും അവര്‍ ഒരുക്കി. ആ കുട്ടി അത് ഓടിച്ചു നടക്കുന്നതായി കാണാം.
തനിക്ക് ഏല്‍പ്പിച്ച കേസുകളില്‍ പ്രവര്‍ത്തിക്കാന്‍ ഓഫീസര്‍മാരുടെ ടീമിനൊപ്പം നടക്കുന്ന സ്റ്റോണിനെ അവിടെ കാണാം. നഷ്ടപ്പെട്ട നായ്ക്കുട്ടിയെ രക്ഷിച്ച് ഉടമയ്ക്ക് കൈമാറുക എന്നതിലും ജേഴ്സി മോഷ്ടിച്ച പ്രതിയെ പിടികൂടുന്നതിലും സ്റ്റോണ്‍ പങ്കാളിയായി. കേസ് തെളിയിച്ച ടീമിലെ സ്റ്റോണിനെ ആളുകള്‍ കൈയടിച്ച് അഭിനന്ദിക്കുന്നുണ്ട്.
ഏറെ ഹൃദയസ്പര്‍ശിയായ നിരവധി രംഗങ്ങള്‍ക്ക് അന്നാ പോലീസ് സ്റ്റേഷന് വേദിയായി. ഒരുകുട്ടിയുടെ സന്തോഷം ഒരുപാടുപേരെ വേദനിപ്പിച്ച അപൂര്വനിമിഷങ്ങളുടേതായിരുന്നു ആ ദിവസം...