ഭൂതകാലത്തില്‍ നിന്നുള്ള ഒരു കുപ്പിയിലെ അവിശ്വസനീയമായ സന്ദേശം; വായിക്കുക
Friday, February 9, 2024 4:34 PM IST
ജീവിതം മറവികളുടെ കൂമ്പാരത്തില്‍ നിന്നും പലതിനെയും തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആനന്ദവും വിസ്മയവും അവര്‍ണനീയമാണ്. പലപ്പോഴും ഏറ്റവും ഇഷ്ടമുള്ള കാലത്തിന്റെയോ വ്യക്തികളുടെയോ ഓര്‍മകള്‍ കലര്‍ന്ന അവശേഷിപ്പികളാകാം നാം ഇത്തരത്തില്‍ പിന്നീട് കണ്ടുമുട്ടുക.
ആ നിമിഷത്തിലാണ് ഹൃദയം വെറുമൊരു അവയവമല്ലെന്ന് നാം തിരിച്ചറിയുക. മനുഷ്യവികാരങ്ങളുടെ അലയടികള്‍ അതിനെ ദിവ്യമാക്കും.
നാം എല്ലാവരും ഏറ്റവും ഹൃദ്യമായി കരുതുന്ന ഒരു കാലമാണല്ലൊ സ്കൂള്‍ കാലം. ലോകത്തിന്റെ ഏതുകോണില്‍ ജനിച്ച ഒരാള്‍ക്കും ആ ഘട്ടം ഏറെ പ്രധാനമാണ്. നല്ല അധ്യാപകരും അടുത്തറിയുന്ന കൂട്ടുകാരും നമുക്കൊരിക്കലും മറന്നുകളയാന്‍ കഴിയാത്തവരാണ്.
വേറിട്ട ഗുരുക്കന്മാര് പാഠപുസ്തകങ്ങളില്‍ കുറിച്ചുവച്ചതിലും മുകളില്‍ നമ്മളെ പഠിപ്പിക്കും. ചിലര്‍ പ്രകൃതിയുടെ കാഴ്ചകള്‍ നമ്മളെ കാട്ടിത്തരും. അത്തരത്തില്‍ ഒരു അധ്യാപകന് ആയിരുന്നു റിച്ചാര്‍ഡ് ഇ ബ്രൂക്സ്.
ഭൂമിശാസ്ത്ര അധ്യാപകനായ റിച്ചാര്‍ഡ് കുട്ടികളെ വേറിട്ട രീതിയിലാണ് പഠിപ്പിച്ചിരുന്നത്. ഒരിക്കല്‍ ഒരു പ്രോജക്ടിന്റെ കാര്യത്തിനായി അദ്ദേഹം തന്റെ കുട്ടികളെ ഒരു കത്തെഴുതിച്ച് അത് ഒരു കുപ്പിയിലാക്കി കടലില്‍ എറിയുകയുമുണ്ടായി.
1992 ഒക്ടോബര്‍ കാലത്താണ് ഈ സംഭവം നടന്നത്. ലോംഗ് ഐലന്‍ഡിലെ ഷോണും ബെന്നും ആണ് ഈ കത്തുകള്‍ എഴുതിയത്. കത്ത് ഉള്ളിലാക്കിയ പച്ചക്കുപ്പി അവര്‍ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു.
പിന്നീട് കാലം മുന്നോട്ട് നീങ്ങി. എല്ലാവരും ഈ സംഭവമേ മറക്കുകയും ചെയ്തു. എന്നാല്‍ ഈ മാസം ഒന്നിന് ഷിന്നെകോക്ക് തീരത്ത് വച്ച് ആദം ടാര്‍വിസ് (32) എന്നയാള്‍ക്ക് സമീപത്തേക്ക് ഈ കുപ്പി എത്തുകയുണ്ടായി.
അദ്ദേഹം ചതുപ്പിലൂടെ നടക്കുമ്പോഴാണ് വെള്ളപ്പൊക്കത്തില്‍ എത്തപ്പെട്ട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഈ കുപ്പി കണ്ടത്. കൗതുകം തോന്നിയ അദ്ദേഹം ഈ കുപ്പിയുടെ അടപ്പ് തുറന്നു. അതിനുള്ളില്‍ ഒരു കടലാസ് കണ്ടു.
ആ കടലാസില്‍ "പ്രിയപ്പെട്ട ഫൈന്‍ഡര്‍, ഒന്‍പതാം ക്ലാസിലെ ഒരു എര്‍ത്ത് സയന്‍സ് പ്രോജക്റ്റിന്റെ ഭാഗമായി, ഈ കുപ്പി ലോംഗ് ഐലന്‍ഡിനടുത്തുള്ള അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞു. ദയവായി താഴെയുള്ള വിവരങ്ങള്‍ പൂരിപ്പിച്ച് കുപ്പി ഞങ്ങള്‍ക്ക് തിരികെ തരൂ... നന്ദി, ഷോണും ബെനും.'എന്ന് എഴുതിയിരുന്നു.
പെന്‍സിലില്‍ എഴുതിയിരുന്ന ഈ കത്ത് അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നും 12 മൈലോളം അകലെയായിട്ടാണ് എത്തപ്പെട്ടത്. ഈ കത്തിന്റെ കാര്യം ആദം തന്റെ ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.
ഈ കഥ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി. അന്നത്തെ അധ്യാപകന് ആയിരുന്നു റിച്ചാര്‍ഡ് ഇ ബ്രൂക്സിന്റെ മകന് ജോണ്‍ (56) അത് കണ്ടു. ഈ കത്തിനാല്‍ താന്‍ വികാരാധീനനാണെന്ന് ജോണ്‍ കുറിച്ചു.
കാരണം ആ പ്രിയപ്പെട്ട അധ്യാപകന് റിച്ചാര്‍ഡ് കഴിഞ്ഞ സെപ്റ്റംബറില്‍ മരിച്ചിരുന്നത്രെ. അല്‍ഷിമേഴ്സ് ബാധിതനായിരുന്ന അദ്ദേഹം ഈ കത്തിനെ കുറിച്ച് എന്തെങ്കിലും ചിന്തിച്ചിരുന്നൊ എന്നറിയില്ല.
കത്തിന്റെ എഴുത്തുകാരില്‍ ഒരാളായ ബെന്നി ഡോറോസ്കിയും പോസ്റ്റ് കണ്ടു. അദ്ദേഹവും റിച്ചാര്‍ഡിനെ അനുസ്മരിച്ചു. തങ്ങള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് കുറിച്ച ഈ കത്ത് തിരിച്ചെത്തിയതില്‍ അദ്ദേഹത്തിനും സന്തോഷം.
എന്തായാലും ആദിമിനെ നേരിട്ട് കണ്ട് കുപ്പിയും എഴുത്തും കൈപ്പറ്റാനാണ് ജോണിന്റെ തീരുമാനം. ഒരു കാലത്ത് വെറുതേ കുറിക്കുന്ന വാക്കുകള്‍ മറുകാലത്ത് വിസ്മയമായി മാറുന്ന ഈ കുപ്പിക്കഥ അതറിയുന്നവരെ സ്വാധീനിക്കുമെന്ന് തീര്‍ച്ച...