ശൂന്യമായ ഒരു ഫ്രിഡ്ജ് ഒരുവനെ ശതകോടീശ്വരനാക്കി മാറ്റിയ കഥ
Saturday, September 23, 2023 3:23 PM IST
ഇത് ഐഡിയകളെ ഓണ്‍ലൈന്‍ ബിസിനസാക്കി മാറ്റുന്ന കാലമാണല്ലൊ. പണ്ടത്തെ കച്ചവട രീതികളെ ആകെ മാറ്റിമറിക്കുക തന്നെയാണല്ലൊ ഈ ഓണ്‍ലൈന്‍ വ്യാപാരശൈലി. ആദ്യമൊന്നു പമ്മിയെങ്കിലും സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഇവയ്ക്ക് വലിയ അവസരം ഇപ്പോള്‍ ഒരുക്കുന്നു.
സ്മാര്‍ട്ട് ഫോണിന്റെ വരവ് നിരവധിയാളുകളെ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് തിരിച്ചിരിക്കുന്നു. ഇപ്പോള്‍ ഉപ്പ് തൊട്ട് ആപ്പ്വരെ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നിരവധി കമ്പനികള്‍ ഈ മേഖലയില്‍ നിലവില്‍ തലയുയര്‍ത്തി നില്ക്കുന്നു.
അത്തരത്തിലുള്ള ഒന്നാണ് ഇന്‍സ്റ്റാകാര്‍ട്ട് എന്ന കമ്പനി. ഉടനടി പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തിക്കുന്ന ഒരു സംരംഭം ആണിത്. ഇന്ത്യയില്‍ നിന്നും കുടിയേറിയ കുടുംബത്തിലെ പിന്മുറക്കാനരായ അപൂര്‍വ മേത്തയാണ് ഇത് സ്ഥാപിച്ചത്.
അടുത്തിടെ ഇദ്ദേഹം തനിക്ക് ഈ ആശയം തോന്നാന്‍ കാരണമായ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. മുമ്പ്, സാന്‍ ഫ്രാന്‍സിസ്കോയിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ ആയിരിക്കുന്ന കാലം ഒഴിഞ്ഞ ഒരു ഫ്രിഡ്ജ് ഇദ്ദേഹത്തിനുണ്ടായിരുന്നു.
അതിനുകാരണം പച്ചക്കറിയും മറ്റും പുറത്തുപോയി വാങ്ങണം. എന്നാല്‍ മറ്റ് സാധാനങ്ങളും ആഹാരവുമൊക്കെ ഓണ്‍ലൈനില്‍ ലഭിക്കും. ഈ അസ്വസ്ഥതയാണത്രെ വാസ്തവത്തില്‍ ഇന്‍സ്റ്റാകാര്‍ട്ട് തുടങ്ങാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
വൈകാതെ ഈ ഗ്രോസറി ഡെലിവറി കമ്പനി അദ്ദേഹം ആരംഭിക്കുകയും ചെയ്തു. പിന്നീടിത് 12 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള കമ്പനിയായി മാറി. 7.7 ദശലക്ഷത്തിലധികം ഉപയോക്താക്കളും യുഎസില്‍ 80,000 സ്റ്റോറുകളുടെ ശൃംഖലയും ഉള്ള പലചരക്ക് ഡെലിവറി പ്ലാറ്റ്ഫോമാണ് നിലവില്‍ ഇന്‍സ്റ്റാകാര്‍ട്ട്.
വെറുമൊരു ഫ്രിഡ്ജ് അതിന്റെ ശൂന്യത നിമിത്തം സമ്മാനിച്ച ചിന്തയാണ് ഇദ്ദേഹത്തിന്റെ ജീവിതംതന്നെ മാറ്റിമറിച്ചത്. ഇക്കാര്യം നെറ്റിസണിലും വിസ്മയം സൃഷ്ടിച്ചു. നിരവധിയാളുകള്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചും ഈ സംഭവത്തില്‍ അദ്ഭുതം രേഖപ്പെടുത്തിയും കമന്റുളുമായി എത്തി.