അപൂര്‍വ ടെന്ഡന് ശസ്ത്രക്രിയ ! കിടപ്പിലായ 81 വയസുകാരി വീണ്ടും നടന്നു തുടങ്ങി
Monday, September 11, 2023 3:35 PM IST
അവയവദാനം ഇക്കാലത്ത് വലിയ അദ്ഭുതമല്ല, എന്നാല്‍ എല്ലും ടെന്ഡനും (മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ചരടുപോലുള്ള കലകള്‍) ദാനം ചെയ്യുന്നു എന്നു കേട്ടാല്‍ ആരും ഒന്ന് നെറ്റിചുളിക്കും.
എന്നാല്‍ ഇത്തരമൊരു അവയവദാനത്തിന്റെ ഗുണഭോക്താവാണ് മുംബൈയിലുള്ള 81 വയസുകാരിയായ വനിതാ ഡോക്ടര്‍. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഈ വയോധികയുടെ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അഹമ്മദാബാദില്‍ നടന്നത്.
എന്നാല്‍ ശസ്ത്രക്രിയ നടന്ന് ഏതാനും മാസങ്ങള്‍ക്കു ശേഷം നടന്ന ഒരപകടത്തില്‍ മുട്ടുചിരട്ടയ്ക്ക് പൊട്ടലേല്ക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും മുട്ടിലെ പേശിയിലെ "ടെന്ഡന്' പരിഹരിക്കാനാവാത്ത തരത്തില്‍ ക്ഷതമുണ്ടായതിനാല് അവരുടെ അവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടായില്ല.
പരാജയപ്പെട്ട നിരവധി ശസ്ത്രക്രിയകള്‍ക്കു ശേഷം ഈ വര്‍ഷം തുടക്കത്തില്‍ വിദഗ്ധോപദേശം തേടി ഓര്‍ത്തോപീഡിക് സര്ജന്മാരായ ഡോ. ഗൗരേഷ് പലേക്കറിന്റെയും ഡോ പ്രസാദ് ഭാന്ഗുണ്ടെയുടെയും സമീപത്ത് അവര്‍ എത്തുകയായിരുന്നു.
അലോഗ്രാഫ്റ്റ് ടെന്ഡന് (സപ്പോര്‍ട്ടിംഗ് ടെന്ഡന്) ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താമെന്ന നിര്‍ദ്ദേശമാണ് അവര്‍ പങ്കുവച്ചത്. സൈഫി ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്താനുള്ള പദ്ധതികളും ഡോ. പലേക്കര്‍ തയാറാക്കി.
ടെന്ഡന്, അസ്ഥികള്‍ തുടങ്ങിയവയുടെ അല്ലോഗ്രാഫ് കലകള്‍ (tissues) ലഭ്യമാക്കുന്ന നോവോ ടിഷ്യൂ ബാങ്ക് ആന്‍ഡ് റിസര്‍ച്ചില്‍ (NTBRC) നിന്നുമാണ് ആരോ ദാനം ചെയ്ത അല്ലോഗ്രാഫ്റ്റ് ടെന്ഡന് ലഭിച്ചത്.
ക്ഷതം സംഭവിച്ച ടെന്ഡന് മൂലം വയോധികയ്ക്ക് എഴുന്നേറ്റു നില്ക്കാന് സാധിക്കില്ലായിരുന്നുവെന്ന് ഡോ. പലേക്കര്‍ പറയുന്നു. മുട്ടുമാറ്റിവയ്ക്കല്‍ സര്‍ജറിക്ക് മുൻപ് തന്നെ മുട്ടുചിരട്ട പ്രവര്‍ത്തന ക്ഷമമല്ലായിരുന്നെങ്കിലും അപകടത്തിന് ശേഷം ആകെ തകര്‍ന്നതോടെയാണ് അലോഗ്രാഫ്റ്റ് നിര്‍ദ്ദേശിച്ചതെന്നും ഡോ. പലേക്കര്‍ വിശദീകരിച്ചു.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത വയോധികയായ ലേഡി ഡോക്ടര്‍, തന്റെ സ്ഥിതി ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടെന്ന് വ്യക്തമാക്കുന്നു. ടെന്ഡന് സംഭവിച്ച ക്ഷതം ഭേദമായെന്ന് സിടി സ്കാനില്‍ വ്യക്തമായെന്നും തന്റെ മുട്ടുകള്‍ക്ക് ഇപ്പോള്‍ ശരീരഭാരം താങ്ങാനാകുന്നുണ്ടെന്നും അവര്‍ പറയുന്നു.
പതിവ് ശസ്ത്രക്രിയകള്‍ക്ക് ഒരാശ്വാസവും തരാന്‍ കഴിയാതെ വന്നപ്പോഴാണ് ഡോ. പലേക്കര്‍ ഇത്തരമൊരു ശസ്ത്രക്രിയയെപ്പറ്റി നിര്‍ദ്ദേശിക്കുന്നതെന്നും അവര്‍ പറയുന്നു. മറ്റേത് അവയവ ദാനത്തെയും പോലെ തന്നെ മഹത്തരമാണ് അസ്ഥിദാനമെന്നും അത് സ്വീകര്‍ത്താവിന്റെ ജീവിതം തന്നെ മെച്ചപ്പെടുത്തുമെന്നും എല്ലാവരും അവയവ ദാനത്തിനും അസ്ഥിദാനത്തിനുമായി സ്വസമ്മതരായി മുമ്പോട്ടു വരണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
എന്താണ് അലോഗ്രാഫ് ട്രാന്‍സ്പ്ലാന്റ്
ഒരു മനുഷ്യന്റെ വിവിധ ശരീര കലകളെ (tissue) മറ്റൊരു മനുഷ്യനിലേക്ക് പകര്‍ന്നു നല്‍കുന്നതാണ് അലോഗ്രാഫ് ട്രാന്‍സ്പ്ലാന്റ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.