മനസിനിണങ്ങിയ പങ്കാളിയെന്നാല്‍ ജീവിതത്തിന്‍റെ വിളക്കാണെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. ദാമ്പത്യജീവിതം എന്ന യാത്രയില്‍ പരസ്പരം വെളിച്ചമാകുന്നവരാണ് പരുഷനും സ്ത്രീയും. അത് കത്തായും കവിതയായുമൊക്കെ എഴുതി കൊടുക്കാന്‍ പല ദമ്പതികളും ശ്രമിക്കാറുമുണ്ട്.

എന്നാല്‍ ഭാര്യ തന്‍റെ വെളിച്ചമാണെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ ബള്‍ബുപയോഗിച്ച ഭര്‍ത്താവിനെ പറ്റി കേട്ടിട്ടുണ്ടോ? അത്തരത്തില്‍ ഒരാളെ സൈബര്‍ ലോകമിപ്പോള്‍ വാഴ്ത്തുകയാണ്. വിവാഹസല്‍ക്കാര ചടങ്ങിനായി ഭാര്യയ്ക്ക് എല്‍ഇഡി ബള്‍ബ് ഘടിപ്പിച്ച ലഹങ്ക സമ്മാനിച്ച ഭര്‍ത്താവാണ് ഇന്‍സ്റ്റഗ്രാമില്‍ കൈയടി നേടുന്നത്.

റിഹാബ് മഖ്‌സൂദെന്ന പാക് യുവതി പങ്കുവെച്ച വീഡിയോയാണ് ഈ സ്പെഷ്യൽ സമ്മാനത്തിന്‍റെ കഥ പുറം ലോകത്തെ അറിയിച്ചത്. അരയ്ക്കു താഴോട്ടുള്ള ഭാഗത്ത് വിവിധ വര്‍ണങ്ങളിലുള്ള എല്‍ഇഡി ബള്‍ബുകള്‍ ഘടിപ്പിച്ച ലഹങ്കയാണ് റിഹാബിന് ഭര്‍ത്താവ് നല്‍കിയത്. ഇദ്ദേഹം തന്നെയാണ് ഈ ലഹങ്ക ഡിസൈന്‍ ചെയ്തത് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

"ഇനി എന്‍റെ ജീവിതത്തില്‍ നീയാണ് വെളിച്ചമെന്ന്' പറഞ്ഞ് നല്‍കിയ ലഹങ്ക റിഹാബിന് ഏറെ ഇഷ്ടമായി. ലൈറ്റ് കത്തുന്ന വസ്ത്രം ധരിച്ചാല്‍ മറ്റുള്ളവര്‍ കളിയാക്കുമെന്ന് ചിലര്‍ പറഞ്ഞെങ്കിലും ഇവരത് കാര്യമാക്കിയില്ല. മിന്നും വെളിച്ചവുമായി വരനും വധുവും ആളുകളുടെ ഇടയിലേക്ക് നടന്നു വരുന്നതും ഒപ്പമിരുന്ന് ഫോട്ടോ എടുക്കാന്‍ പോസ് ചെയ്യുന്നതുമൊക്കെ കോര്‍ത്തിണക്കിയുള്ള വീഡിയോയാണ് റിഹാബ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.



മികച്ച പ്രകാശമുള്ള എല്‍ഇഡി ലൈറ്റുകളാണ് വസ്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവര്‍ നടക്കുന്ന വിവാഹസല്‍ക്കാര വേദിയിലെ തറയിലടക്കം ലൈറ്റിന്‍റെ പ്രകാശം വളരെ ഭംഗിയായി പ്രതിഫലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. "ഇവരുടെ ജീവിതം സന്തോഷപൂര്‍ണമാകട്ടെ', "എല്ലാ ആശംസകളും', "നല്ല ഭംഗിയുള്ള ലഹങ്ക', "അമൂല്യമായ സമ്മാനം' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തിയിരുന്നു.