നൈക്കി ഷൂ കമ്പനി സ്ഥാപിതമായത് 1964ലാണ്. വെളുത്ത "ടിക്ക്' ചിഹ്നമാണ് നൈക്ക് കന്പനിയുടെ ലോഗോ. അൻപത്തിയൊന്പതു വർഷം മാത്രം പഴക്കമുള്ള ഈ കന്പനിയുടെ ലോഗോ 400 വര്‍ഷം പഴക്കമുള്ള ഒരു പെയിന്‍റിംഗിലെ ആൺകുട്ടി ധരിച്ചിരിക്കുന്ന ഷൂവിൽ കണ്ടെത്തിയതിന്‍റെ കൗതുകത്തിലാണ് ആളുകൾ.

ലണ്ടനിലെ ഒരു ആർട്ട് ഗാലറിയിൽ പെയിന്‍റിംഗുകൾ കാണുന്നതിനിടെ, 57 കാരിയായ ഫിയോണ ഫോസ്കെറ്റും അവളുടെ 23കാരിയായ മകളുമാണ് ഈ കൗതുകം ശ്രദ്ധിച്ചത്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡച്ച് ചിത്രകാരന്‍ ഫെര്‍ഡിനാന്‍ഡ് ബോള്‍ വരച്ച പെയിന്‍റിംഗിൽ, ചുവന്ന തുണികൊണ്ട് മൂടിയ ഒരു ചെറുമേശയ്ക്കരികെ ഒരു ആണ്‍കുട്ടി നില്‍ക്കുന്നു. ചിത്രകാരന്‍റെ ഭാര്യയുടെ രണ്ടാമത്തെ കസിന്‍ ഫ്രെഡറിക് സ്ലൂയിസ്കന്‍ ആണ് ചിത്രത്തിലെ ആണ്‍കുട്ടിയെന്നാണ് കരുതുന്നത്.


കറുത്ത ജാക്കറ്റ്, കേപ്പ്, വെള്ള ഷര്‍ട്ട്, കറുത്ത ഷൂസ് എന്നിവയാണു കുട്ടി ധരിച്ചിരിക്കുന്നത്. ഷൂവിലുള്ള നൈക്കി ലോഗോയോട് സാമ്യമുള്ള വെളുത്ത "ടിക്ക്' ചിഹ്നമാണ് അതിശയമുണർത്തുന്നത്. പുരാവസ്തു ഗവേഷകരടക്കം ഇതെങ്ങനെ സംഭവിച്ചുവെന്നു തലപുകയ്ക്കുകയാണ്.