ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
Tuesday, May 23, 2023 1:08 PM IST
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണു ചൈനീസ് ഗവേഷകര്‍. പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്നാണ് അവർ അവകാശപ്പെടുന്നത്.
മഞ്ഞക്കടൽ തീരത്തെ യുനെസ്കോയുടെ സംരക്ഷിത സൈറ്റായ ചൈനയുടെ ഡാഫെങ് പ്രദേശത്തെ ഉപ്പ് ചതുപ്പുകളിൽനിന്നാണ് ഇത്തരത്തിലുള്ള ബാക്ടീരിയകളെയും ഫംഗസുകളെയും കണ്ടെത്തിയതെന്നു ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡൻസ് അധികൃതർ പറയുന്നു.
പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള 436 ഇനം ഫംഗസുകളെയും ബാക്ടീരിയകളെയും ഇതുവരെ ഡാഫെങ് പ്രദേശത്ത് കണ്ടെത്താന്‍ കഴിഞ്ഞെന്നും ക്യൂ ഗാര്‍ഡന്‍സ് അവകാശപ്പെട്ടു.
ലോകമെമ്പാടുമായി ഉത്പാദിപ്പിക്കപ്പെടുന്ന കോടിക്കണക്കിനു ടൺ പ്ലാസ്റ്റിക്കിൽ പകുതിയിലധികവും ഭൂമിയിലും കടലിലുമായി ഉപേക്ഷിക്കപ്പെടുകയാണ്. ബാക്കിയുള്ളതിൽ കൂടുതലും കത്തിക്കുന്നതുവഴി അന്തരീക്ഷവും മലിനമാകുന്നു.
എവിടെ കിടന്നാലും, എന്തു ചെയ്താലും ദഹിക്കാത്ത പ്ലാസ്റ്റിക്കിനെ ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന വെളിപ്പെടുത്തൽ അതുകൊണ്ടുതന്നെ ലോകത്തിനാകമാനം ആശ്വാസകരമാണ്.
"മനുഷ്യനിർമിത പാരിസ്ഥിതിക കേന്ദ്രം' എന്നനിലയിൽ അറിയപ്പെടുന്ന പ്രദേശമാണ് ഫംഗസുകളെ കണ്ടെത്തിയ ഡാഫെങ്. സജീവമായ തീരപ്രദേശത്തിന്‍റെ സാന്നിധ്യത്തിൽ ജീവിക്കാനാകുന്ന തരത്തിലേക്ക് വന്യമൃഗങ്ങള്‍ പരിണമിച്ച ഒരു ആവാസവ്യവസ്ഥയാണ് ഇവിടെയുള്ളത്. ഇവിടെ കണ്ടെത്തിയ പുതിയതരം ഫംഗസുകളെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്