കല്ലെറിഞ്ഞതായിരുന്നില്ല, ഉൽക്ക വീണതായിരുന്നു! 500 കോടി വര്‍ഷത്തെ പഴക്കം
Monday, May 15, 2023 11:20 AM IST
വീടിന്‍റെ മേല്‍ക്കൂരയിൽ എന്തോ ശക്തമായി പതിച്ചപ്പോൾ ആരോ കല്ലെറിഞ്ഞതാണെന്നാണു വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ വീട് തകര്‍ത്ത പാറക്കഷ്ണം കണ്ടപ്പോൾ സംശയമായി. അധികൃതർ നടത്തിയ പരിശോധനയിൽ 500 കോടി വര്‍ഷം പഴക്കമുള്ള ഉല്‍ക്കാശിലയാണു വീണതെന്നു കണ്ടെത്തുകയുംചെയ്തു.
ഓൾഡ് വാഷിംഗ്ടൺ ക്രോസിംഗ് പെന്നിംഗ്ടൺ റോഡിലെ സുസി കോപ്പ് എന്നയാളുടെ വീടിനു മുകളിലാണ് കഴിഞ്ഞദിവസം ഉൽക്ക പതിച്ചത്. സുസി കോപ്പിന്‍റെ അച്ഛന്‍റെ കിടപ്പുമുറിയുടെ മുകളിൽ പതിച്ച ദീര്‍ഘ ചതുരാകൃതിയിലുള്ള ഉല്‍ക്കാശിലയ്ക്ക് 4-6 ഇഞ്ച് വലിപ്പമുണ്ടെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറ്റാ അക്വാറിഡ്സ് എന്ന് വിളിക്കപ്പെടുന്ന ഉൽക്കാവർഷത്തിൽനിന്നായിരിക്കാം ഇത് വന്നതെന്നാണു ശാസ്ത്രലോകം കരുതുന്നത്. "ഇത് സൗരയൂഥത്തിന്‍റെ ആദ്യ കാലങ്ങളില്‍നിന്നുള്ള അവശിഷ്ടമാണ്. ഇത്രയും കാലം ഈ വസ്തു ബഹിരാകാശത്ത് ഓടി നടക്കുകയായിരുന്നു. ഇപ്പോഴത് ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍പ്പെടുകയും ഭൂമിയിലേക്ക് പതിക്കുകയുമായിരുന്നു' - ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് ജ്യോതിശാസ്ത്രജ്ഞൻ ഡെറിക് പിറ്റ്സ് വിശദീകരിച്ചു.
ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമാണ് ഈവിധം ഉൽക്ക വീണിട്ടുള്ളത്. ഇത് എന്തെങ്കിലും തരത്തില്‍ ഭീഷണിയുള്ളതാണോയെന്ന് അറിയാന്‍ റേഡിയോ ആക്ടിവിറ്റിക്കായി സ്കാന്‍ ചെയ്തെന്നും എന്നാലിത് ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.