ലോകത്ത് ഏറ്റവും വലിയ സ്വര്‍ണശേഖരമുള്ള രാജ്യം ഓസ്ട്രേലിയയാണെന്നാണു കരുതപ്പെടുന്നത്. ഏറ്റവും വലിയ സ്വര്‍ണക്കട്ടികള്‍ കുഴിച്ചെടുത്തിട്ടുള്ളതും ഓസ്ട്രേലിയയില്‍നിന്നുതന്നെ. രാജ്യത്ത് സ്വർണശേഖരത്തിനു പേരുകേട്ട ഒരു സ്ഥലമുണ്ട്. വിക്ടോറിയയിലെ ഗോൾഡൻ ട്രയാംഗിൾ. കഴിഞ്ഞ ദിവസം ഇവിടെനിന്നു ലഭിച്ച സ്വർണശേഖരം ഏവരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഓസ്ട്രേലിയക്കാരനാണു സ്വർണനിധി ലഭിച്ചത്. ഇദ്ദേഹം ഖനനം ചെയ്തെടുത്ത 4.6 കിലോഗ്രാം ഭാരമുള്ള പാറക്കഷണത്തിലാണ് സ്വര്‍ണനിക്ഷേപമുണ്ടായിരുന്നത്. ഏകദേശം 2.6 കിലോ സ്വര്‍ണം ആ പാറയില്‍നിന്നു വേർതിരിച്ചെടുക്കാനായെന്നും ഇതിനു 1.32 കോടി രൂപയോളം വിലയുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.


സ്വർണാംശമുള്ള പാറക്കഷണം ലഭിച്ചപ്പോൾ ഇതിൽ ഇത്രയധികം സ്വർണമുണ്ടെന്നു കുഴിച്ചെടുത്തയാൾ കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ പാറക്കഷണവുമായി കടയിലെത്തിയ ഇയാൾ പതിനായിരം ഡോളര്‍ കിട്ടുമോയെന്നാണ് ചോദിച്ചതെന്നു സ്വര്‍ണവ്യാപാരിയായ ഡാരന്‍ കാമ്പ് പറയുന്നു. 43 വര്‍ഷത്തെ ജോലിക്കിടെ താൻ കണ്ട ഏറ്റവും വലിയ സ്വർണനിധിയാണിതെന്നും ഡാരന്‍ പറഞ്ഞു.

താൻ കുഴിച്ചെടുത്തത് വലിയ സ്വർണശേഖരമാണെന്ന് അറിഞ്ഞപ്പോൾ, എന്‍റെ ഭാര്യ ഏറെ സന്തോഷവതിയാകുമെന്നായിരുന്നുവത്രെ പാറക്കഷ്ണവുമായെത്തിയയാളുടെ പ്രതികരണം. 1800 കാലഘട്ടത്തില്‍ സ്വര്‍ണവേട്ടയ്ക്ക് പേരുകേട്ടിരുന്ന പ്രദേശമാണു സ്വർണശേഖരം കണ്ടെത്തിയ ഗോൾഡൻ ട്രയാംഗിൾ.