അല്പം മര്യാദകാണിച്ചു കൂടെ? ഇങ്ങനെയാണോ ട്രെയിനിൽ യാത്ര ചെയ്യുന്നത്
Thursday, April 3, 2025 4:08 PM IST
ട്രെയിനിലോ ബസിലോ കയറിയാൽ തൊട്ടടുത്ത സീറ്റിൽ ആളില്ലെങ്കിൽ പിന്നെ ഒന്നും നോക്കില്ല. കാൽ കയറ്റി വെച്ചങ്ങിരിക്കും. ചിലർ ചെരുപ്പ് ഊരും ചിലർ ചെരുപ്പു പോലും ഊരില്ല. അത് എത്രമാത്രം മോശമാണെന്നു പറുയകയാണ് എക്സ്പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഒരു കുറിപ്പും ചിത്രവും.
ഒരു ട്രെയിനിലെ ദൃശ്യമാണ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു സത്രീയാണ് ഇരിക്കുന്നത്. അവരുടെ തൊട്ടടുത്ത സീറ്റുകളിൽ ആളുണ്ടായിരുന്നില്ല. അതുകൊണ്ട് അവർ ഒരു കാല് ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് നീട്ടി വെച്ചിരിക്കുകയാണ്. ഒരു കാൽ ആകട്ടെ സീറ്റിനു മുന്നിലെ ഫുഡ്ട്രേയിലേക്കും കയറ്റി വെച്ചിരിക്കുന്നു. ഹിന്ദി പരസ്യമുള്ള ഒരു ബാഗ് മാത്രമാണ് ഇന്ത്യക്കാരിയാണെന്നതിനുള്ള തെളിവ്. അത് കമന്റ് ഇടുന്നവരെ രണ്ടു തട്ടിലാക്കി തിരിച്ചിട്ടുണ്ട്.
രവി എന്ന എക്സ് ഹാന്റിൽ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രം പെട്ടന്നു തന്നെ വൈറലാകുകയും നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തു. ആളുകൾക്ക് പൗരബോധത്തിന്റെ കുറവുമൂലമാണ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതെന്നാണ് വിമർശനങ്ങളിൽ ഏറെയും. ഇന്ത്യയില്‍ അടിസ്ഥാന പൗരബോധം ഇല്ലാത്തത് അടിസ്ഥാനപരമായ പ്രശ്നമാണെന്നും നിരവധിപ്പേർ കമന്റ് ചെയ്യുന്നു.
കാൽ നീട്ടി വെയ്ക്കാൻ പോലും സൗകര്യമില്ലാത്ത ഒരിടത്ത് ഇരിക്കുന്പോൾ കാൽ കയറ്റിവച്ച് ഇരിക്കുന്നതില്‍ തെറ്റില്ലെന്ന് പറയുന്നവരുമുണ്ട്. പൊതുഗതാഗത സംവിധാനങ്ങൾ എല്ലാവർക്കുമായുള്ളതാണെന്നും അത് ആ രീതിയിൽ വേണം ഉപയോഗിക്കാനെന്നും കമന്റിടുന്നവരും നിരവധിയാണ്.