ടാക്സി ഡ്രൈവറുടെ സത്യസന്ധതയെ വാഴ്ത്തി യാത്രക്കാരന്റെ കുറിപ്പ്
Tuesday, April 1, 2025 2:45 PM IST
ടാക്സിയിൽ മറന്നുവച്ച ഫോൺ തിരികെ തന്നതിൽ ഡ്രൈവറോടു നന്ദി അറിയിച്ച് സമൂഹമാധ്യമത്തിൽ യാത്രക്കാരൻ പങ്കുവച്ച കുറിപ്പ് വൈറലായി. ബംഗളൂരുവിലെ ഹെബ്ബാളിൽ വച്ചാണ് യുവാവ് കാറിൽ ഫോൺ മറന്നുവച്ചത്. രാത്രി 11ന് ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ സ്ഥലത്തു പാർക്ക് ചെയ്തിരുന്ന ടാക്സിയിലായിരുന്നു യാത്ര. ചെറിയ ദൂരമായതിനാൽ ഡ്രൈവർ പണം വാങ്ങിയിരുന്നില്ല.
കാറിൽനിന്നിറങ്ങിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട കാര്യം മനസിലാവുന്നത്. അപ്പോഴേക്കും കാർ അവിടെനിന്നു പോയിരുന്നു. ആപ്പിൽ അല്ല കാബ് ബുക്ക് ചെയ്തത് എന്നതുകൊണ്ടുതന്നെ വാഹനത്തിന്റെ ഒരു വിവരവും ഇല്ലായിരുന്നു. ഫോണിലേക്ക് വിളിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫ് ആയിരുന്നു. നഷ്ടമാകുന്നതിനു മുൻപേ ഫോണിനു ചാർജ് കുറവായിരുന്നു. സാംസംഗ് ട്രാക്കിംഗ് സർവീസ് ഉപയോഗിച്ച് നോക്കിയെങ്കിലും ഫോൺ ഓഫായതുകൊണ്ട് കാര്യമുണ്ടായില്ല.
എന്നാൽ, 15 മണിക്കൂർ കഴിഞ്ഞപ്പോൾ ഫോൺ ഓണായതായി സാംസംഗിൽനിന്നു മെയിൽ വന്നു. വിളിച്ച് നോക്കിയപ്പോൾ ഡ്രൈവർ ഫോൺ എടുത്തു. അയാൾ അത് ചാർജ് ചെയ്തിരുന്നു. താൻ ഒരു യാത്രയിലാണെന്നും ഫോൺ തിരികെ കൊണ്ടുവന്നു തരാമെന്നും അറിയിച്ചു.
ഏറെ വൈകാതെ മൈസൂരുവിൽനിന്നു ബസ് കയറി തിരികെ ഫോൺ കൊണ്ടുവന്നു തന്നുവെന്നും അയാളുടെ സത്യസന്ധതയ്ക്ക് 1000 രൂപ നൽകിയെങ്കിലും അയാളത് വാങ്ങാൻ തയാറായില്ലെന്നും യുവാവ് കുറപ്പിൽ പറയുന്നു. സത്യസന്ധനായ കാബ് ഡ്രൈവർ നഷ്ടപ്പെട്ട ഫോൺ തിരികെ നൽകി എന്ന കാപ്ഷനോടെ റെഡ്ഡിറ്റിലാണു പോസ്റ്റ് പങ്കുവച്ചത്.