കോടീശ്വരനാകാൻ അധിക സമയമൊന്നും വേണ്ടന്നേ; വഴിയോരത്തു നിന്നും വാങ്ങിയ ചിത്രത്തിന് വില 8.5 കോടി
Monday, March 31, 2025 3:38 PM IST
വഴിയോര കച്ചവടക്കാരനിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയൊരു പെയിന്റിംഗ്. അത് വീട്ടിലെത്തി പരിശോധിക്കുന്പോൾ എന്തോ ഒരു പ്രത്യേകതയുണ്ടെന്നു മനസിലാക്കുകയും പിന്നീടത് കോടികൾ വിലമതിക്കുന്ന അപൂർവമായ ഒന്നാണെന്നു കണ്ടെത്തുകയും ചെയ്താലോ? അത് നൽകുന്നത് പറഞ്ഞറിയിക്കാനാകാത്ത ആശ്ചര്യമായിരിക്കുമല്ലേ.
യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത് പൊതുവേ കാണുന്നത്. പെന്‍സില്‍വാനിയ സ്വദേശിനിയായ ഹെയ്ദി മാര്‍കോവ് ഈ വർഷത്തിന്റെ തുടക്കത്തിൽ ഒരു വഴിയോര കച്ചവടക്കാരന്റെ കയ്യിൽ നിന്നും 12 ഡോളർ കൊടുത്ത് ഒരു ചിത്രം വാങ്ങി. ആ ചിത്രം ചാര്‍ക്കോൾ കൊണ്ട് വരച്ചതായിരുന്നു. അതും 18ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ചിത്രകാരനായ പിയേർ ഓഗുസ്റ്റ് റെനോവാർ വരച്ച ഒരു പോർട്രേറ്റ്.
ഹെയ്ദി ചിത്രം വാങ്ങിയിടത്ത് ലേലത്തിന് ചിത്രങ്ങൾ വിൽക്കുകയായിരുന്നു. പലരും 1000, 2000, 3000 ഡോളറുകൾക്ക് ചില പെയിന്റിംഗുകൾ വാങ്ങി. ഹെയ്ദിക്ക് ഈ പെയിന്റിംഗിൽ എന്തോ ഒരു പ്രത്യേകത തോന്നിയതിനാലാണ് ഇത് സ്വന്തമാക്കിയത്.
വീട്ടിലെത്തി ചിത്രം വിശദമായി പരിശോധിച്ചപ്പോഴാണ് ഹെയ്ദി പെയിന്റിംഗിന്റെ പുറകിലായി ഒരു ഒപ്പ് കാണുന്നത്. ആ ഒപ്പ് ഫ്രഞ്ച് ചിത്രകാരനായ പിയേർ ഓഗുസ്റ്റ് റെനോവറിന്റെ ഭാര്യ അലിയന് ചാരിഗോട്ടിന്റെ പെയിന്റിംഗാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വെളിച്ചത്തിനും നിഴലിനും ഏറെ പ്രാധാന്യം നല്കിയ കാലത്ത് വരച്ചിരുന്ന ചിത്രമാണെന്നും കണ്ടെത്തി.
പിന്നീട് ആർട്ട് രംഗത്ത് 43 വർഷത്തോളം പരിചയസന്പത്തുള്ള ഒരു ആർട്ട് അപ്രൈസറെ കാണിച്ചപ്പോഴാണ് അദ്ദേഹം അതിന്റെ യഥാർഥ മൂല്യം അറിയുന്നത്. ചിത്രത്തിന് കുറഞ്ഞത് 8.5 കോടി രൂപയെങ്കിലും ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അതിന്റെ ഞെട്ടലിലാണ് ഹെയ്ദി.