വലിയ വാടകയൊന്നും കൊടുക്കാനില്ല; ഓഫീസ് ബാത്റൂമിൽ താമസമാക്കി യുവതി
Monday, March 31, 2025 11:21 AM IST
പണം ലാഭിക്കാനായി ചൈനയിലെ ഒരു സ്ത്രീ താമസിക്കുന്നത് എവിടെയാണെന്നറിയാമോ? അവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ടോയ്ലെറ്റിൽ. യാങ് എന്ന 18 വയസുകാരി ഒരു ഫർണിച്ചർ കടയിലാണ് ജോലി ചെയ്യുന്നത്.
കടയുടമയ്ക്ക് പ്രതിമാസം 5 പൗണ്ട് (ഏകദേശം 550 രൂപ) വാടകയും നൽകുന്നുണ്ട്. യാങ് ആദ്യം പ്രതിമാസം 21 പൗണ്ട് (ഏകദേശം 2,300 രൂപ) നൽകാമെന്ന് പറഞ്ഞിരുന്നു, പക്ഷേ തൊഴിലുടമ നിരസിച്ചു. നിലവിൽ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ചാർജുകൾ മാത്രമാണ് ഈടാക്കുന്നത്.
കടയുടമ അവൾക്ക് താമസിക്കാൻ ഓഫീസ് നല്കാമെന്നു പറഞ്ഞിരുന്നു.പക്ഷേ, അതിനു ഒരു വാതിൽ ഇല്ലാത്തതിനാൽ അവൾക്ക് അസ്വസ്ഥത തോന്നി. അതു വേണ്ടെന്നു വെച്ചാണ് ടോയ്ലെറ്റിൽതാമസം ആരംഭിച്ചത്.
ഇതിനുമുമ്പ്, അവൾ തന്റെ മുതലാളിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.യാങ്ങിന് പ്രതിമാസം 317 പൗണ്ട് (35,000 രൂപയിൽ കൂടുതൽ) വരുമാനമുണ്ട്, പക്ഷേ അവളുടെ ചെലവുകൾ വെറും 42 ഡോളറിൽ (4,600 രൂപ) നിർത്തിയിരിക്കുകയാണവൾ.
ബാക്കിയുള്ള തുക അവൾ സൂക്ഷിക്കുന്നു. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഡൗയിനിൽ അവൾ തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗങ്ങൾ പങ്കിടാറുണ്ട്. തന്റെ താൽക്കാലിക വീട്ടിൽ, യാങ് ഒരു വലിയ തുണി തൂക്കിയിട്ടാണ് സ്വകാര്യത ഉറപ്പാക്കുന്നത്. ഒരു മടക്കാവുന്ന കിടക്കയും അവളുടെ സാധനങ്ങൾ സൂക്ഷിക്കാൻ ഒരു റെയിലുമുണ്ട്.
കുളിമുറിയിൽ പാചകം ചെയ്യാൻ അവൾ ഒരു പോർട്ടബിൾ ഹോബ് പോലും ഉപയോഗിക്കുന്നുണ്ട്. കട തുറന്നിരിക്കുന്ന സമയങ്ങളിൽ, ഉപഭോക്താക്കൾക്ക് വാഷ്റൂം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ അവൾ തന്റെ സാധനങ്ങൾ പായ്ക്ക് ചെയ്തു മാറ്റാറുണ്ട്. ഭാവിയിൽ ഒരു വീടോ കാറോ വാങ്ങാൻ ആവശ്യമായ പണം ലാഭിക്കാനാണ് യാങിന്റെ ഈ പ്രവർത്തനം.